തിരുവല്ല: "ഇതിലും ഭേദം പഴയ ആ ഗ്രാവൽ റോഡായിരുന്നു". തകർന്ന് തരിപ്പണമായി കിടക്കുന്ന തെങ്ങേലി - എട്ടുകടവ് - കൊഴിയാപുഞ്ച റോഡിനെ കുറിച്ചാണ് നാട്ടുകാരുടെ ആരോപണം. തെങ്ങേലിയിൽ നിന്നും ആരംഭിച്ച് കൊഴിയാ പുഞ്ചയ്ക്ക് സമീപം അവസാനിക്കുന്ന രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങൾ പിന്നിടുന്നു. റോഡിന്റെ തുടക്കം മുതൽ രൂപപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ കുഴികൾ ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. റോഡിൽ മുമ്പ് ചെയ്ത ടാറിംഗിന്റെ ടാർ അങ്ങുമിങ്ങും മാത്രമേ അൽപ്പം അവശേഷിക്കുന്നുള്ളൂ. 2018 ലെ മഹാപ്രളയം ഉൾപ്പെടെ ഇതിനോടകം ഒട്ടേറെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. മഴക്കാലത്ത് നടുവിലേപ്പടി ഭാഗത്ത് റോഡിൽ പതിവാകുന്ന വെള്ളക്കെട്ടും യാത്രാ ദുരിതത്തിന് ഇടയാക്കുന്നു. ഈ ഗ്രാമീണ റോഡിന്റെ ശോച്യാവസ്ഥ മൂലം പ്രദേശത്തെ എഴുപതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ പോലും ടാക്‌സികൾ ഇതുവഴികടന്നുവരാൻ മടിക്കുന്നു.


ജനപ്രതിനിധികൾ തുടർച്ചയായി ഈ റോഡിനെ അവഗണിക്കുന്നതിനാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികൾ സംഘടിപ്പിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്..

ഗോപിനാഥൻ പിള്ള

(സമിതി കൺവീനർ)