പത്തനംതിട്ട : കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച തങ്ങളുടെ ശാഖാംഗമായ ചൂരക്കോട് ചാത്തന്നൂപ്പുഴ രവീന്ദ്രഭവനിൽ രവീന്ദ്രന്റെ സംസ്കാര ചടങ്ങിന്റെ ചെലവിലേക്കായി ആരോഗ്യ വകുപ്പിനുവേണ്ടി സർക്കാർ ഫീസായി ഹെൽത്ത് ഇൻസ്പെക്ടർ 14,000 രൂപ ഇൗടാക്കിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 316-ാം നമ്പർ വടക്കടത്തുകാവ് ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം, സെക്രട്ടറി കെ. വിജയൻ എന്നിവർ ആരോഗ്യ മന്ത്രി, പത്തനംതിട്ട ജില്ലാ കളക്ടർ, ഡി. എം. ഒ എന്നിവർക്ക് പരാതി നൽകി. ശാഖാ വൈസ് പ്രസിഡന്റ് അജി കളയ്ക്കാടിന്റെ സാന്നിദ്ധ്യത്തിലാണ് തുക കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. കൊവിഡ് രോഗിയുടെ മരണാനന്തര ചടങ്ങുകൾക്ക് ആരോഗ്യവകുപ്പ് തുക ഇൗടാക്കുന്നത് സംബന്ധിച്ച് അറിവില്ല.. ഇത് സംബന്ധിച്ച് ശാഖായോഗം ഭാരവാഹികളിൽ നിന്നും അംഗങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.