
പത്തനംതിട്ട: ജില്ലയിൽ ആദ്യ മൂന്നുമാസത്തിൽ ബാങ്കുകൾ 1553 കോടിയുടെ വായ്പകൾ നൽകി. 1400 കോടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 110 ശതമാനമാണ് വായ്പ നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ലക്ഷ്യം മറികടന്നത്.
ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബി.നൂഹ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം അലക്‌സ് പി. തോമസ്, റിസർവ്ബാങ്ക് ജില്ലാ ഓഫീസർ പി.ജി ഹരിദാസ്, നബാർഡ് എ.ജി.എം വി.കെ പ്രേംകുമാർ, എസ്.ബി.ഐ റീജിയണൽ മാനേജർ പ്രദീപ് നായർ, ലീഡ് ബാങ്ക് മാനേജർ വിജയകുമാരൻ എന്നിവർ പ്രസംഗിച്ചു. പ്രമുഖ ബാങ്കുകളുടെ ജില്ലാതല അധികാരികൾ, റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ, പ്ലാനിങ് ഓഫീസർ, ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, മൃഗ സംരക്ഷണ ഡയറി ഡയറക്ടർ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ഉൾപ്പെടെ ജില്ലാതല ഉദ്യോഗസ്ഥർ, കെ.എസ്.എസ്.ഐ.എ ജില്ലാ വൈസ് പ്രസിഡന്റ് ജെ. സുനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വ്യവസായികൾക്കു നൽകുന്ന ആത്മനിർഭർ ഭാരത് വായ്പ, കുടുംബശ്രീ വഴി നൽകുന്ന മുഖ്യമന്ത്രിയുടെ സഹായ പദ്ധതി, വഴിയോരക്കച്ചവട ക്കാർക്കുള്ള വായ്പ, പശു വളർത്തൽ ആവശ്യത്തിന് നൽകുന്ന നാലു ശതമാനം പലിശ വായ്പ, സ്വർണപ്പണയ കാർഷിക വായ്പ എന്നിവ യോഗം വിലയിരുത്തി. ബഡ്ജറ്റ് അനുസരിച്ച് കൂടുതൽ വായ്പ നൽകാനും തീരുമാനിച്ചു.