അടൂർ : അപൂർവ രോഗം ബാധിച്ച് കരുവാറ്റ ആൻസ് വില്ലയിൽ ജെയ്‌സൺ തോമസിന്റെ മകൾ സാന്ദ്ര മരിച്ചത് സ്വപ്നങ്ങൾ ബാക്കിവച്ച്. എയർ ഹോസ്റ്റസോ ക്ലിനിക്കൽ സൈക്കോളജിസ്റ്റോ ആകാനായിരുന്നു അഗ്രഹം..പക്ഷേ ആറ് വർഷമായി രോഗത്തോട് പൊരുതിയ സാന്ദ്ര മരണത്തിന് കീഴടങ്ങി. കൊതുകുകടി മൂലം ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന 'ഹെനോക് സ്കോളിൻ പർപുറ (എച്ച്. എസ്. പി ) എന്ന രോഗമായിരുന്നു സാന്ദ്രയ്ക്ക്. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ദുബായിൽ നിന്ന് 2014 ൽ മാതാപിതാക്കൾക്കൊപ്പം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊതുകുകടിയേറ്റത്. ചിക്കൻപോക്സിന്റെ രൂപത്തിലായിരുന്നു രോഗലക്ഷണം. രണ്ടാഴ്ചയോളം നാട്ടിലെ ചികിത്സയ്ക്ക് ശേഷം ദുബായിലേക്ക് മടങ്ങിയെങ്കിലും ശരീകരത്തിലെ പാടുകൾ കൂടി.. ശരീരം തടിച്ചുവീർക്കാനും തുടങ്ങി. വീണ്ടും നാട്ടലെത്തി ഒന്നേമുക്കാൽ മാസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കണ്ണിന്റെ കാഴ്ചമങ്ങാൻ തുടങ്ങി, തലച്ചോറിലേക്കും രോഗം ബാധിച്ചു.തുടർ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും വൃക്കകൾ തകരാറിലാവുകയായിരുന്നു. ഡയാലിസിസ് കാരണം സ്കൂളിൽ പോകാൻകഴിഞ്ഞില്ല. വീട്ടിലിരുന്ന് പഠിച്ച് പ്ളസ് ടുവിന് മികച്ച വിജയം നേടി. കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് 1.30ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മാതാവ്- ബിജി അഗസ്റ്റിൻ..സഹോദരി : റിച്ച ആൻ ജെയ്‌സൺ