suci

പത്തനംതിട്ട : കുട്ടികളുടെആത്മഹത്യാ കണക്കിൽ പത്തനംതിട്ട ജില്ലയും മോശമല്ല. ഡമോക്രാറ്റിക് ഇന്റർവെൻഷൻ ഇൻ സോഷ്യൽ ആൻഡ് ഹെൽത്ത് ആക്ഷൻ നടത്തിയ പഠനത്തിൽ എട്ട് വിദ്യാർത്ഥികൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ജില്ലയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ മനസിലാക്കാനും അവരെ കേൾക്കാനും മാതാപിതാക്കളടക്കമുള്ളവർ ശ്രദ്ധിക്കാത്തതാണ് കുട്ടികളിൽ ആത്മഹത്യ പ്രേരണയ്ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ദ‌ർ ചൂണ്ടിക്കാണിക്കുന്നത്. നിസാര കാരണങ്ങൾക്കാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്.

കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പറയാൻ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിയമിക്കണമെന്നിരിക്കെ ജില്ലയിൽ അഞ്ച് ശതമാനം സ്കൂളുകളിൽ മാത്രമാണ് അതിനുള്ള അവസരം ലഭിക്കുന്നത്. ജില്ലയിൽ അപ്പർ, ലോവർ പ്രൈമറി അടക്കം 873 സ്കൂളുകളാണുള്ളത്. ഇതിൽ 105 ഹയർസെക്കൻഡറി സ്കൂളുകളും 168 ഹൈ സ്കൂളുകളും ഉണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സർക്കാർ സ്കൂളുകളിൽ 27 കൗൺസിലർമാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ പ്രസവാവധിയിലാണ്. മറ്റുള്ളവർ സജീവമായി കുട്ടികളോട് സംവദിക്കുന്നതായി അധികൃതർ പറയുന്നു. എന്നാൽ ജില്ലയിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നില്ല.

-----------

ആറുമാസത്തിനുള്ളിൽ

ആത്മഹത്യ ചെയ്തത് 8 കുട്ടികൾ

കുടുംബപ്രശ്നം /വഴക്ക് : 4

പ്രിയപ്പെട്ടവരുടെ മരണം സഹിക്കാൻ പറ്റാതെ : 1

ഡിപ്രഷൻ : 2

മാനസിക സംഘർഷം : 1

-----------------

പഠിക്കാൻ മാത്രമല്ല മാതാപിതാക്കൾ പറയേണ്ടത്. കുട്ടികളുടെ എല്ലാ പ്രശ്നങ്ങളും കേൾക്കാൻ തയ്യാറാകണം. കുട്ടികളെ സ്നേഹിക്കണം. അത് അവർക്ക് മനസിലാകണം.

ജാഫർ ഖാൻ

(ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ)

--------------

ജില്ലയിൽ 27 കൗൺസിലർമാരുണ്ട്. രണ്ടുപേർ അവധിയിലാണ്. ബാക്കിയുള്ളവർ ഐ.സി.ഡി.എസ് ഓഫീസിൽ ഡി.എം.എച്ച്.പിയുമായി ബന്ധപ്പെട്ട് കൊവിഡ് രോഗികൾക്ക് അടക്കം കൗൺസലിംഗ് നൽകുന്നുണ്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അങ്കണവാടി വർക്കർമാർ വിവരങ്ങൾ ശേഖരിക്കാറുണ്ട്. ജില്ലയിലെ 19 സ്കൂളുകൾക്ക് കൂടി കൗൺസലർമാരെ നിയമിക്കും

‌നിഷ നായർ

ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ

------------------

"എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധമായും സൈക്കോ സോഷ്യൽ കൗൺസലർ ഉണ്ടാവണം. ബ്ലോക്ക് അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റും, സോഷ്യൽ വർക്കറും ജില്ലാ തലത്തിൽ ചൈൽഡ് സൈക്രാട്രിസ്റ്റിന്റെ സഹായവും കുട്ടികൾക്ക് നൽകണം.

ഷാൻ രമേശ് ഗോപൻ

(ദിശ ജില്ലാ സെക്രട്ടറി)

-----------------

കുട്ടികളുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ

1...രക്ഷാകർത്താക്കൾ, സഹോദരങ്ങൾ എന്നിവരുമായി വാക്കുതർക്കം

2..ഫോൺ ലഭിക്കാത്തത്

3.കുടുംബവഴക്ക്

4.പ്രീയപ്പെട്ടവരുടെ ആകസ്മിക മരണം

5.പ്രണയസംബന്ധം

6. പരീക്ഷാ തോൽവി

7.സൈക്കിൾ ലഭിക്കാത്തത്

8.പണം കിട്ടാത്തത്