പത്തനംതിട്ട: നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ കരാറുകാർ സംസ്ഥാന വ്യാപകമായി ഉപവസിക്കുമെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം, നിർമ്മാണത്തിലെ ചെലവ് വർദ്ധന തുടങ്ങിയവ മൂലം പുതിയ പണി ഏറ്റെടുക്കാൻ കഴിയുന്നില്ല. ജൽജീവൻ പദ്ധതിയിലെ ഭൂരിഭാഗം പ്രവർത്തികളും ഏറ്റെടുക്കാൻ കരാറുകാരില്ല. നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തിയാകൽ സമയം നീണ്ടുപോകുന്നു.
പലിശരഹിത മൊറോട്ടോറിയമാണ് കരാറുകാർ അടക്കമുളള സംരംഭകർ ആവശ്യപ്പെട്ടത്. എന്നാൽ, ആഗസ്റ്റ് 30ന് കരാറുകാരുടെ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾ പലിശ പിടിച്ചെടുത്തു.
കൊവിഡ് 19 കണക്കിലെടുത്ത് ഇൗ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ തിരഞ്ഞെടുപ്പുകൾ നടത്തരുത്. സാമ്പത്തിക-നിർമ്മാണ-വ്യാപാര വ്യവസായ- ടൂറിസം മേഖലകളിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ റദ്ദാക്കണം. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടത്തണം. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ സംസ്ഥാനം താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കേണ്ടിവരും.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസ് തേവരുമുറിയിൽ ജില്ലാ പ്രസിഡന്റ് അനിൽ ഉഴത്തിൽ, സെക്രട്ടറി അജികുമാർ വള്ളിക്കാേട്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.പി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.