കോന്നി: സി.സി.ടി.വി സർവൈലൻസ് സിസ്റ്റത്തിന്റെ ഭാഗമായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ 21 കാമറകൾ. രാത്രിയും പകലും റെക്കോഡ് ചെയ്യാൻ കഴിയുന്ന ആധുനിക കാമറകളാണ് ഇവ. ആശുപത്രി കെട്ടിടത്തിനു പുറത്തായി അത്യാധുനിക നിലവാരത്തിലുള്ള പി.റ്റി.ഇസഡ് കാമറകൾ അഞ്ചെണ്ണമുണ്ട്. 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്ന കാമറ, മെഡിക്കൽ കോളേജ് കാമ്പസിനെ പൂർണമായും ഉൾക്കൊള്ളും.
59 ലക്ഷം രൂപ ചെലവിലാണ് കാമറ സ്ഥാപിച്ചത്.
പബ്ലിക്ക് അഡ്രസ് സിസ്റ്റവും ആരംഭിച്ചു. മെഡിക്കൽ കോളജിലെ വിവരവിനിമയത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിംഗിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഓഡിയോ സിസ്റ്റം ഇതിന്റെ പ്രധാന ഭാഗമാണ്. ആശുപത്രിയുടെ ഓരോ ഭാഗത്തും പ്രത്യേകമായോ പൊതുവായോ സിസ്റ്റം പ്രവർത്തനക്ഷമമാകും. തീപിടുത്തമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനും ഇത് സഹായകരമാകും.
പബ്ലിക്ക് അഡ്രസ് സിസ്റ്റത്തിന് 67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി തന്നെയാണ് പബ്ലിക് അഡ്രസ് സിസ്റ്റവും സ്ഥാപിച്ചത്.
സിസിടിവി സർവൈലെൻസ് സിസ്റ്റം രാജുഏബ്രഹാം എം.എൽ.എയും പബ്ലിക്ക് അഡ്രസ് സിസ്റ്റം ചിറ്റയം ഗോപകുമാർ എം.എൽ.എയും കമ്മിഷൻ ചെയ്തു.
അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, ഗ്രാമപഞ്ചായത്തംഗം ജോയ് തോമസ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ, പി.ജെ. അജയകുമാർ, ശ്യാംലാൽ, എ. ദീപകുമാർ, വിജയ വിൽസൺ, എച്ച്എൽഎൽ ചീഫ് പ്രൊജക്ട് മാനേജർ ആർ. രതീഷ് കുമാർ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
--------------------
മെഡിക്കൽ കോളേജിലെ മൊബൈൽ റേഞ്ചിന്റെ പ്രശ്‌നം പരിഹരിക്കാൻ നടപടിയായതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. .മെഡിക്കൽ കോളേജ് കെട്ടിടത്തിനു മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കും. വെള്ളിയാഴ്ച നിർമ്മാണം ആരംഭിക്കും.
മെഡിക്കൽ കോളേജിലേക്കുള്ള റോഡിൽ വട്ടമൺ ജംഗ്ഷന് സമീപമുള്ള തകർന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപഅനുവദിച്ചു. തകർന്ന ഭാഗത്ത് പുട്ടുകട്ട പാകി ഗതാഗത യോഗ്യമാക്കും. ഉദ്ഘാടനത്തിനു മമ്പ് റോഡ് പൂട്ടുകട്ട പാകി ഗതാഗതയോഗ്യമാക്കും.
------------
കാമറയ്ക്ക് 59 ലക്ഷം
പബ്ലിക്ക് അഡ്രസ് സിസ്റ്റത്തിന് 67 ലക്ഷം
------------