water
ജലഅതോറിറ്റിയുടെ കറ്റോട് സ്റ്റേഷനിലേക്ക് മണിമലയാറ്റിൽ നിന്നും ശേഖരിച്ച വെള്ളം

തിരുവല്ല: മണിമലയാറ്റിലെ വെള്ളം കലങ്ങിമറിഞ്ഞത് കാരണം ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പലയിടത്തും മുടങ്ങി. നദിയിലെ അമിതമായ കലക്കൽ മൂലം കറ്റോട്, ഗണപതിക്കുന്ന്, പുളിക്കീഴ് കുടിവെള്ള വിതരണ പദ്ധതിയിലെ പമ്പിംഗ് മുടങ്ങിയതോടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിലെ ശുദ്ധജല വിതരണം നിറുത്തിവച്ചിരിക്കുന്നത്. തിരുവല്ല ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്നതാണ് കറ്റോട് പദ്ധതി. ഇവിടെ നിന്നാണ് തിരുവല്ല നഗരസഭയുടെ കുറേഭാഗങ്ങളിലും നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലും കുട്ടനാടിന്റെ ചില പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുന്നത്. കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നത് കവിയൂർ ഗണപതിക്കുന്നിൽ നിന്നാണ്. പുളിക്കീഴ് കുടിവെള്ള പദ്ധതിയിൽ നിന്നാണ് നിരണം, കടപ്ര പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. മൂന്ന് ജല ശുദ്ധീകരണ പ്ലാന്റുകളിൽ പുളിക്കീഴ് ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. കറ്റോട് പദ്ധതിയുടെ ഭാഗമായ തിരുവല്ല ജല ശുദ്ധീകരണശാല, പുളിക്കീഴ് ജലശുദ്ധീകരണ ശാല എന്നിവിടങ്ങളിലെ ജല ശുദ്ധീകരണം തിങ്കളാഴ്ച മുതൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിൽ പുളിക്കീഴ് ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനമാണ് ചൊവ്വാഴ്ച രാത്രി 7 മുതൽ നിയന്ത്രിതമായി ആരംഭിച്ചിരിക്കുന്നത്. ജല ശുദ്ധീകരണം നിറുത്തിവച്ചതോടെ കവിയൂർ ,കുന്നന്താനം ,കടപ്ര, നിരണം ,നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിൽ പൂർണമായും, തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഭാഗികമായും ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. മുമ്പെങ്ങും ഇല്ലാത്തവിധം നിറം മാറ്റമാണ് ഇപ്പോൾ വെള്ളത്തിന് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കനത്തമഴയിൽ കിഴക്കൻ മേഖലയിൽ കുന്നിടിഞ്ഞു വെള്ളത്തിൽ വീണതാണ് നിറം മാറ്റത്തിന് കാരണമെന്ന് കരുതുന്നു.

മണിമലയാറ്റിലെ ജലം ശുദ്ധീകരണ യോഗ്യമാകുന്ന മുറയ്ക്ക് ജല ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പൂർണ്ണമായും ആരംഭിക്കുമെന്നും വരുന്ന മൂന്ന് ദിവസത്തിനകം ജലവിതരണം പൂർവ്വ സ്ഥിതിയിലാകുമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ശ്രീകുമാർ പറഞ്ഞു.