ഇലന്തൂർ: കൊവിഡ് രോഗികളായ കുടുംബാംഗങ്ങളുമായി സമ്പർക്കമുണ്ടായ ഇലന്തൂർ ഗ്രാമ പഞ്ചായത്തംഗം എം.എസ്.സിജുവിനെതിരെ പ്രസിഡന്റിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും സെക്രട്ടറി പരാതി നൽകി. സിജുവിന്റെ ഭാര്യ കൊവിഡ് ചികിത്സയിലാണ്. പിതാവിനും കൊവിഡ് ബാധിച്ചിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള സിജു നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടതിനു പകരം ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പഞ്ചായത്ത് ഒാഫീസിലെത്തി ഫയലുകൾ പരിശോധിച്ചു. ക്വാറന്റൈനിൽ പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും താൻ രോഗികളുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും പ്രത്യേകമായിട്ടാണ് താമസിക്കുന്നതെന്നും വിശദീകരിച്ചിരുന്നു. എന്നാൽ, സിജുവിന്റെ ഒാഫീസ് സന്ദർശനം കൊവിഡ് മാനദണ്ഡം പാലിച്ച് ഒാഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ജീവനക്കാർക്ക് തടസമുണ്ടാക്കുന്നുവെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. തുടർ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഇതേ തുടർന്ന് കമ്മ്യൂണിറ്റി സെന്ററിലെ മെഡിക്കൽ ഒാഫീസർ പരിശോധനയ്ക്ക് എത്തിയപ്പോൾ സിജു ഒാഫീസിലുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകി. തനിക്ക് കിട്ടിയ പരാതി ആരോഗ്യപ്രവർത്തകർക്ക് കൈമാറിയെന്ന് പ്രസിഡന്റ് കെ.ജി.മുകുന്ദൻ പറഞ്ഞു.
തന്റെ രണ്ട് പരിശോധഫലങ്ങളും നെഗറ്റീവാണെന്നും രാഷ്ട്രീയഭാവി തകർക്കാൻ എതിരാളികൾ ഗൂഢാലോചന നടത്തുകയാണെന്നും സിജു പറഞ്ഞു.