പത്തനംതിട്ട : കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും മറ്റുപകർച്ചവ്യാധികളുടെ കുറവ് ജില്ലയ്ക്ക് ആശ്വാസമാകുകയാണ്. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. കൊവിഡ് കാരണം ആളുകൾ പുറത്തിറങ്ങി നടക്കാത്തതും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതും പകർച്ചവ്യാധി പ്രതിരോധത്തിനും കാരണമായി.
കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പകർച്ചവ്യാധികൾ ജില്ലയിൽ പെരുകുകയായിരുന്നു. എന്നാൽ കൊവിഡിന് ശേഷം വലിയ കുറവുണ്ടായിട്ടുണ്ട്. ജനുവരിയിൽ 1257, ഫെബ്രുവരിയിൽ 1158 പകർച്ചവ്യാധിരോഗങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മാർച്ച് മുതലുള്ള കണക്കുകളിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. മാർച്ചിലാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം മേയ്, ജൂൺ മാസങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിച്ചിരുന്നു. മരണം അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി മേയിൽ 22 പേർക്കും ജൂണിൽ 32 പേർക്കും സ്ഥിരീകരിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇവ 12 ഉം ഏഴും ആയി കുറഞ്ഞു. സെപ്തംബറിൽ ഇതുവരെ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ വർഷങ്ങളിൽ 45 ഉം 135 ഉം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. റാന്നി വെച്ചൂച്ചിറ, ചാത്തങ്കേരി, ഇലന്തൂർ, കൂടൽ ഭാഗങ്ങളിലാണ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. എലിപ്പനി മേയിൽ 16 പേർക്ക് സ്ഥിരീകരിച്ചു. ആഗസ്റ്റിൽ 11 ആയി കുറഞ്ഞു. സെപ്തംബറിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഹെപ്പറ്റൈറ്റസ് എയും ബിയും കുറഞ്ഞിട്ടുണ്ട്.
പകർച്ചവ്യാധി പിടിപ്പെട്ട രോഗികളുടെ എണ്ണം :
മാസം, 2018, 2019, 2020 (വർഷം)
.............................................................
മാർച്ച് : 774, 1172, 805
ഏപ്രിൽ : 888, 983, 578
മേയ് : 1472, 1501, 687
ജൂൺ : 1775, 1787, 651
ജൂലായ് :1586, 1951, 485
ആഗസ്റ്റ് :1170, 1335, 373
സെപ്തംബർ :1466, 1480, 16 (ആദ്യ ആഴ്ച)
" ജീവിതത്തിന്റെ ശൈലികൾ മാറിയപ്പോൾ രോഗങ്ങളും മാറിത്തുടങ്ങി. കൊവിഡ് പ്രതിരോധത്തിനും ഇതുതന്നെയാണ് പോംവഴി. ജീവിത രീതീകളിലും ശൈലികളിലുമുള്ള വ്യത്യാസം വലിയൊരു ഘടകമാണ്."
ആരോഗ്യവകുപ്പ് അധികൃതർ