തിരുവല്ല: നഗരത്തിലെ ഔട്ടർ റിംഗ് റോഡ് വികസനത്തിലെ അവസാനഘട്ടമായ കാവുംഭാഗം - തുകലശേരി റോഡ് നവീകരിക്കാൻ 5 കോടി രൂപയുടെ ഭരണാനുമതിയായി. കായംകുളം റോഡിൽ കാവുംഭാഗത്ത് നിന്ന് തുടങ്ങി ശ്രീവല്ലഭ ക്ഷേത്രത്തിനു മുന്നിലൂടെ എം.സി.റോഡിലെ ആഞ്ഞിലിമൂട് ജംഗ്ഷൻ വരെ 4.97 കിലോമീറ്റർ ദൂരമുണ്ട്. ബി.എം.ആൻഡ് ബി.സി ടാറിംഗ് നടത്തി ഉന്നത നിലവാരത്തിൽ പൂർത്തിയാക്കാനാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. പലഭാഗത്തും വീതി കുറവാണ്. ചിലയിടങ്ങളിൽ നാലുമീറ്റർ മാത്രമാണുള്ളത്. സൗജന്യമായി സ്ഥലം കിട്ടിയാൽ പത്തുമീറ്റർ വരെ വീതിയിൽ റോഡ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഓടയും നടപ്പാതയും എല്ലാം ഉൾപ്പെടും. നഗരത്തിന്റെ റിംഗ് റോഡായി ഉപയോഗിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള റോഡിലൂടെ കാവുംഭാഗത്ത് നിന്ന് നഗരത്തിലെ തിരക്കൊഴിവാക്കി എം.സി റോഡിൽ പ്രവേശിക്കുന്നതിനും ആഞ്ഞിലിമൂട് -മഞ്ഞാടി റോഡുവഴി റ്റി. കെ റോഡിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇതിനോട് ചേർന്ന് പള്ളിവേട്ടയാലിൽ നിന്ന് ഇരമല്ലിക്കര വരെ പണികൾ നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ നിർമ്മാണവും പൂർത്തിയാകുന്നതോടെ പ്രാവിൻകൂട് -മാവേലിക്കര റോഡിലെ ആലുംതുരുത്തിയിൽ നിന്ന് ബൈപ്പാസായി ഉപയോഗിക്കുവാൻ സാധിക്കും. കാവുംഭാഗം - മുത്തൂർ റോഡിലൂടെ തുകലശേരിയിൽ നിന്ന് ടൗണിൽ കയറാതെ തന്നെ മുത്തൂരിൽ എത്താനും സാധിക്കും.
--------------
റോഡ് സുരക്ഷയ്ക്ക് 37 ലക്ഷം
ടി.കെ റോഡിലെ തിരുവല്ല മുതൽ വള്ളംകുളം പാലം വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷാ ജോലികൾ ചെയ്യുന്നതിനും ജംഗ്ഷനുകൾ മെച്ചപ്പെടുത്തുന്നതിനും 37 ലക്ഷം രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. മഞ്ഞാടി, കറ്റോട്, തോട്ടഭാഗം എന്നിവിടങ്ങളിൽ നടപ്പാത, ഓടകൾക്ക് സ്ളാബ് സ്ഥാപിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
------------
തിരുവല്ല ഔട്ടർ റിംഗ് റോഡ് വികസനത്തിലെ അവസാന ഘട്ടം