11-kattupanni
ജൈവകർഷകനായ സദാശിവന്റെ കൃഷിയിടം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

കിഴക്കുപുറം: കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നു. ഒറ്റയ്ക്കും, കൂട്ടാമായുമെത്തുന്ന കാട്ടുപന്നികൾ വാഴ, കപ്പ, ചേന, ചേമ്പ്, തെങ്ങ് എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്. റബ്ബർ മരങ്ങളുടെ പട്ടയും കുത്തി നശിപ്പിക്കുന്നു. വാഴകളുടെ പിണ്ടി കുത്തിയൊടിച്ചും, ചുവടെ പിഴുതെടുത്തുമാണ് നാശം വരുത്തുന്നത്. കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് കാർഷിക വിളകൾ രക്ഷിക്കാനായി കർഷകർ ഷീറ്റുപയോഗിച്ച് സംരക്ഷണ വേലി നിർമ്മിച്ചിട്ടും പ്രയോജനമില്ല.. ഇവ ഇളക്കി മാറ്റിയും, വിടവുകൾക്കിടയിലൂടെയും കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നു. കഴിഞ്ഞ ദിവസം കിഴക്കുപുറം ഇടയിലെ വീട്ടിൽ കെ.സദാശിവന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികൾ വ്യാപകമായ കൃഷി നാശമാണ് വരുത്തിയത്. പ്രദേശത്തെ ജൈവകർഷകനായ സദാശിവന്റെ 80 മൂട് കപ്പയും, നട്ട് മൂന്ന് വർഷം പിന്നിട്ട് കായ്ഫലം തന്നിരുന്ന ഗംഗാ ബോർഡൻ ഇനത്തിൽപ്പെട്ട കുള്ളൻ തെങ്ങുകളും, വാഴകൃഷിയും നശിപ്പിച്ചു. കൃഷിയിടത്തിൽ ഷീറ്റുപയോഗിച്ച് നിർമ്മിച്ച സംരക്ഷണ വേലി നശിപ്പിച്ചാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ കടന്നത്.