കോന്നി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഇവർ വാങ്ങിയ ഭൂമിയിൽ ഉടമ തോമസ് ഡാനിയേലുമായി കഴിഞ്ഞ ദിവസം തെളിവെടുത്തു. ഇവിടെയുള്ള ബാങ്ക് ശാഖകളിലും അന്വേഷണം നടത്തുന്നുണ്ട്. പോപ്പുലർ ഗ്രൂപ്പിന്റെ ആന്ധ്രാപ്രദേശിലെ മറൈൻ എക്‌സ്‌പോർട്ട് കമ്പനി, തമിഴ്‌നാട്ടിലെ ശീതള പാനീയ വിതരണ കമ്പനി എന്നിവിടങ്ങളിലും പരിശോധന നടത്തി. തോമസ് ‌ഡാനിയലിന്റെ മക്കളായ റിനു മറിയം തോമസ്, റീബാ മേരി തോമസ് എന്നിവരെ ഇന്നലെ കൊച്ചിയിൽ ഇവർ വാങ്ങിയ വില്ലകളിലും ഫ്‌ളാറ്റുകളിലും എത്തിച്ച് തെളിവെടുത്തു. റിനുവിനും റീബയ്ക്കുമൊപ്പം തോമസ് ഡാനിയലിന്റെ ഭാര്യ പ്രഭയുമായി ബുധനാഴ്ച തിരുവനന്തപുരത്തെ ബാങ്കുകളുടെ ശാഖകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. പോപ്പുലറിൽ നിക്ഷേപകർ പണയം വച്ച സ്വർണം ഉടമ മറ്റ് ബാങ്കുകളിൽ പണയം വച്ചത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. പോപ്പുലർ ഗ്രൂപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ ബംഗളുരുവിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 14 വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിലുള്ളത്.