റാന്നി: ആത്മഹത്യക്ക് ഒരുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ ഭാര്യയെ വാട്സ് ആപ്പിലൂടെ ലൈവായി കാണിച്ച് യുവാവ് ക്വാറന്റൈൻ കേന്ദ്രത്തിൽ തൂങ്ങിമരിച്ചു. റാന്നി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂർ നിശാന്ത് ഭവനിൽ ജി.നിശാന്ത് (41) ആണ് മരിച്ചത്. ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഭാര്യ അറിയിച്ചതിനുസരിച്ച് ഒാടിയെത്തിയപ്പോഴേക്കും നിശാന്ത് മരിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ റാന്നി പെരുമ്പുഴയിലെ ക്വാറന്റൈൻ സെന്ററായ ലോഡ്ജിലായിരുന്നു സംഭവം. ബംഗളുരുവിലെ പൂക്കടയിൽ ജോലി ചെയ്യുന്ന നിശാന്ത് ചൊവ്വാഴ്ച വൈകിട്ടാണ് റാന്നിയിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ പോവുകയായിരുന്നു.
ബുധനാഴ്ച രാത്രിയിൽ നിശാന്ത് അസ്വസ്ഥനായിരുന്നെന്ന് ക്വാറന്റൈൻ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ബിനു കെ. സാം പറഞ്ഞു. ഇന്നലെ പുലർച്ചെ നാലുമണിയോടെ നിശാന്ത് മുറിക്ക് മുന്നിലെ വരാന്തയിലൂടെ അസ്വസ്ഥനായി നടക്കുന്നത് കണ്ടു. പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചത്. സമാധാനിപ്പിച്ച് മുറിയിലേക്ക് കയറ്റിയിരുന്നു.
ബുധനാഴ്ച രാത്രി 12നും ഇന്നലെ പുലർച്ചെ മൂന്നിനും നിശാന്ത് വിളിച്ചിരുന്നതായി ഭാര്യ സീന എസ്.പിള്ള പറഞ്ഞു. തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നെന്നും ഫോൺ ആരോ ട്രാപ്പ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. പിന്നീട് പലവട്ടം വിളിച്ചിരുന്നെങ്കിലും സീന ഉറങ്ങിപ്പോയതിനാൽ ഫോൺ എടുക്കാനായില്ല. രാവിലെ 6.30ന് തിരികെ വിളിച്ചപ്പോഴും നിശാന്ത് പലതും പറഞ്ഞു. ഏഴുമണിയോടെ വാട്‌സ് ആപ്പിൽ വീഡിയോയിലൂടെ വിളിച്ച് തൂങ്ങിമരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് അതിന്റെ ദൃശ്യങ്ങൾ കാട്ടി. അരുതെന്ന് പറഞ്ഞ് സീന നിലവിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. ഉടൻതന്നെ സെന്ററിലേക്ക് വിളിച്ച് സീന വിവരം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറും ലോഡ്ജിലെ ജീവനക്കാരനും എത്തിയപ്പോൾ മുറിയിലെ ഫാനിൽ ബെഡ്ഷീറ്റുപയോഗിച്ച് നിശാന്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
സ്ഥിരമായി മദ്യപിക്കുന്ന നിശാന്തിന് മദ്യം ലഭിക്കാത്തതിന്റെ അസ്വസ്ഥതയിലാകാം ആത്മഹത്യയെന്ന് കരുതുന്നതായി റാന്നി സി.ഐ. കെ.എസ്.വിജയൻ പറഞ്ഞു.
ഒരു വർഷം മുമ്പാണ് നിശാന്തും കുടുംബവും റാന്നി വൈക്കത്ത് താമസമാക്കിയത്. മക്കൾ: നമിത(7), ദേവർശ് (1)