പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ തെളിവെടുപ്പിന് പൊലീസിന്റെ മൂന്ന് സംഘങ്ങൾ. അന്വേഷണ സംഘങ്ങൾ പരസ്പരം ബന്ധപ്പെടരുതെന്ന് നിർദ്ദേശമുണ്ട്. ഞായറാഴ്ചക്കുള്ളിൽ പ്രധാന തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം. 2000 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് പ്രതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. 2014 മുതൽ സ്ഥാപനം നഷ്ടത്തിലാണെന്നത് മറച്ചുവച്ച് വീണ്ടും നിക്ഷേപങ്ങൾ സ്വീകരിച്ചതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാപനം പൊളിയാൻ പോകുവെന്ന് മുൻ ധാരണയുണ്ടായിരുന്നു. പലരും ജോലി രാജിവച്ചിട്ടുണ്ട്. ചില നിക്ഷേപകർക്കും ഇക്കാര്യത്തിൽ നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും സ്ഥാപനത്തിന്റെ നഷ്ടം നികത്താൻ സഹകരിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി അവർ ഉടമകളെ സമീപിച്ചിരുന്നു. എന്നാൽ, ഉടമകൾ സഹകരിച്ചില്ല.
പണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നിക്ഷേപകർ. സ്ഥാപന ഉടമകൾ പാപ്പർ ഹർജി കൊടുത്താൽ കോടതിയിൽ നേരിടാനുള്ള തെളിവ് നിക്ഷേപകർ ശേഖരിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിന്റെയും അനുബന്ധമായി ഉണ്ടാക്കിയ കടലാസ് സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും സ്വത്ത് വകകളുടെയും വിവരങ്ങൾ നിക്ഷേപകർ ശേഖരിച്ചിട്ടുണ്ട്.