d-school

പത്തനംതിട്ട : കൊവിഡ് പടർന്നതോടെ ആറുമാസം കട്ടപ്പുറത്തായ ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കാൻ അനുമതി ലഭിച്ച ആശ്വാസത്തിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും.

തിങ്കൾ മുതൽ പരിശീലനം നടത്താനാണ് അനുമതി. കേന്ദ്ര സർക്കാർ ഡ്രൈവിംഗ് സ്കൂളിനെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തിയതിനാലാണ് ഇളവുകൾ ലഭിക്കാതിരുന്നത്.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 8ന് അടച്ചതാണ് ഡ്രൈവിംഗ് സ്കൂളുകൾ. വാഹനങ്ങളിലേറെയും കേടുവന്ന് നശിച്ചിട്ടുണ്ട്. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 1000 രൂപ സർക്കാരിൽ നിന്ന് ലഭിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ഡ്രൈവിംഗ് സ്കൂളിനും ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ കേടുപാട്, ഇൻഷുറൻസ്,ടാക്സ് എന്നിവയ്ക്ക് വേറെയും പണം കണ്ടെത്തണം.

ജില്ലയിൽ 250 ഡ്രൈവിംഗ് സ്കൂളുകൾ, 1000 ജീവനക്കാരും

..............................................................................

ഡ്രൈവിംഗ് സ്കൂളുകൾ പാലിക്കേണ്ടത്

  1. ആദ്യ ഘട്ടത്തിൽ പരിശീലനത്തിന് ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവരും ടെസ്റ്റിൽ പരാജയപ്പെട്ടവരും മാത്രം.
  2. സാമൂഹിക അകലം പാലിച്ച് പകുതിപേർക്കാണ് അവസരം.
  3. കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റ് നടത്തില്ല.
  4. രോഗലക്ഷണമുള്ളവരെ പങ്കെടുപ്പിക്കില്ല.
  5. ഗർഭിണികളും പ്രായമായവരും ടെസ്റ്റിൽ പങ്കെടുക്കരുത്.
  6. വാഹനങ്ങളിൽ എ.സി ഉപയോഗിക്കരുത്.
  7. മാസ്കും ഷീൽഡും നിർബന്ധം.

"ഇൻഷുറൻസ്, വാഹനകേടുപാടുകൾ എന്നിവയൊക്കെ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോന്നി ആർ.ടി.ഒ ഓഫീസിൽ ടെസ്റ്റ് നടക്കുമോയെന്ന് അറിയില്ല. ലേണേഴ്സ് കഴിഞ്ഞ് ആറുമാസം വരെയാണ് ടെസ്റ്റിനുള്ള സമയം. അടച്ചിട്ടിട്ട് ആറുമാസം കഴിഞ്ഞു.

ഷിജു ഏബ്രഹാം

(ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ്

അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് )

"കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ലേണേഴ്സും ടെസ്റ്റും നടത്തുന്നത്. എല്ലാ സർക്കാർ നിർദേശങ്ങളും പാലിക്കും. പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ഉത്തരവ് ഇന്നലെ ലഭിച്ചിരുന്നു. കോന്നിയിൽ ടെസ്റ്റ് നടത്താൻ ബുദ്ധിമുട്ടില്ല ഓഫീസ് മാറ്റം കൊടുത്താൽ മതി. എല്ലായിടത്തും പരിശോധന നടത്തും. "

ജിജി ജോർജ്

(പത്തനംതിട്ട ആർ.ടി.ഒ)