തിരുവല്ല: മഴപെയ്താൽ പിന്നെ ഈ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിയില്ല. എം.സി റോഡിനെയും ടി.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവെള്ളിപ്പറ അടിപ്പാതയാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. മഴയത്ത് രണ്ടടിവരെ വെള്ളം അടിപ്പാതയിൽ കെട്ടിക്കിടക്കും. പിന്നെ അക്കരെയിക്കരെ കടക്കാൻ നാട്ടുകാർ പാടുപെടുകയാണ്. മഴക്കാലത്ത് വാഹന ഗതാഗതം ആഴ്ചകളോളം മുടങ്ങുന്ന അവസ്ഥയുമുണ്ട്. പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് രണ്ടുവർഷം മുമ്പ് നിലവിലെ ലവൽക്രോസ് ഒഴിവാക്കി നാട്ടുകാർക്ക് കടന്നുപോകാനായി റെയിൽവേ ഒരുക്കിയ സംവിധാനമാണ് ഇപ്പോൾ കെണിയായിരിക്കുന്നത്. പലതവണ പരാതികൾ നൽകിയിട്ടും പ്രതിഷേധങ്ങൾ ഉയർന്നിട്ടും പ്രശ്‌നപരിഹാരത്തിന് ഇടപെടൽ ഉണ്ടായിട്ടില്ല.
വെള്ളമൊഴുകാൻ ഓടയില്ല
രണ്ട് ചെറിയ കുന്നുകളുടെ താഴ്വാരത്ത് പണിത അടിപ്പാതയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇക്കാരണത്താൽ ചെറിയയൊരു മഴ പെയ്താൽ പോലും അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടും. വർഷക്കാലത്ത് അടിപ്പാത പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ കടത്തുവള്ളം ഇറക്കിയാണ് നാട്ടുകാർ ഇരുകരകളിലേക്കും പോയത്. അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഈ റൂട്ടിലോടിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഒരുവർഷം മുമ്പ് സർവീസ് നിറുത്തലാക്കി. വർഷത്തിൽ ഭൂരിഭാഗവും വെള്ളക്കെട്ടിൽ മുങ്ങിയ അടിപ്പാത അങ്ങനെ നാട്ടുകാർക്ക് ദുരിതപ്പാതയായി മാറി.
-റെയിൽവേ ഒരുക്കിയ സംവിധാനം
മഴയത്ത് രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുന്നു
-വാഹന ഗതാഗതം ആഴ്ചകളോളം മുടങ്ങുന്നു
-പരാതി നൽകിയിട്ടും ഫലമില്ല
കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തലാക്കി
അടിക്കടി ഗതാഗത തടസത്തിനും യാത്രാ ദുരിതത്തിനും ഇടയാക്കുന്ന റെയിൽവേ അടിപ്പാത ശാസ്ത്രീയമായി നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)