തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പ്രദേശത്തെ ജനജീവിതം ദുസഹമാക്കുന്നു. ഇന്നലെ പുലർച്ചെയാണ് പഞ്ചായത്ത് ഒമ്പതാം വാർഡ് കാരയ്ക്കൽ കൂട്ടുമ്മേൽ - സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി റോഡിന്റെ തുടക്കത്തിലെ കുഴിയിൽ കക്കൂസ് മാലിന്യം തള്ളിയത്. ദുർഗന്ധം വമിച്ചതോടെ പ്രഭാത സവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുഴിയിലെ വെള്ളത്തിലും മാലിന്യം കലർന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് താമസക്കാർ ഇല്ലാത്തതും മാലിന്യ നിക്ഷേപകർക്ക് അവസരമായി. മുമ്പ് കൂട്ടുമ്മേൽ - സ്വാമിപാലം റോഡിലെ താഴ്ന്ന സ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞദിവസം നിരണത്ത് കോലറയാറ്റിലും മാലിന്യം തള്ളിയിരുന്നു. മാലിന്യം ശേഖരിക്കുന്ന ഒട്ടേറെ ടാങ്കർ ലോറികൾ പടിഞ്ഞാറൻ മേഖലയിൽ നിന്നും ഇവിടെയെത്തുന്നത് പതിവാണ്. ഇത്തരം ഏജൻസികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.