അടൂർ : വാട്ടർ അതോറിറ്റിയുടെ മെല്ലെപോക്കും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും കാരണം ഒൻപത് മാസത്തിന് മുൻപ് കരാർ നൽകിയ റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിംഗ് ഇനിയും ആരംഭിക്കാനായില്ല.പൈപ്പ് പൊട്ടി റോഡ് അനുദിനം തകരുന്നതോടെ വാഹനയാത്രക്കാരുടെ ദുരിതം ഓരോ ദിനം കഴിയുന്തോറും ഏറുകയാണ്.എം.സി റോഡിൽ ഹോളിക്രോസ് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്ന കരുവാറ്റ -തട്ട -മാമ്മൂട് റോഡിന്റെ അവസ്ഥയാണിത്.ബി.എം ആന്റ് ബി. സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി രണ്ട് കോടി രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്. ഈ റോഡിന്റെ പ്രധാന തകർച്ചയ്ക്ക് കാരണം ജലവിതരണ പൈപ്പിൽ അടിക്കടിയുണ്ടാകുന്ന പൊട്ടലാണ്. ഏത് സമയം നോക്കിയാലും പൈപ്പ് പൊട്ടി ജലം പാഴാകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഇതുകാരണം നാട്ടുകാർക്ക് പൈപ്പ് ജലത്തെ ആശ്രയിക്കാനാവാത്ത അവസ്ഥയ്ക്കൊപ്പം റോഡും അടിക്കടി തകരുകയാണ്. 35 വർഷത്തോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നത്.ഗുണനിലവാരക്കുറവും കാലപ്പഴക്കവുമാണ് ഇതിന് കാരണം. ഇതോടെ ജനത്തിന് കുടിവെള്ളം ലഭിക്കാത്തതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും പ്രധാനമായും ഇടവരുത്തുന്നു. പൈപ്പ് മാറ്റി സ്ഥാപിക്കാതെ റോഡ് ടാർചെയ്താൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരുന്ന കെ. പി റോഡിന്റെ അവസ്ഥയുണ്ടാകും. ഇത് മുന്നിൽ കണ്ടാണ് ടാറിംഗ് നടപടി വൈകുന്നത്. എന്നാൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ വാട്ടർ അതോറിറ്റി എല്ലാ മേഖലയിലും മെല്ലപ്പോക്കാണ്. ഇത് കാരണം അടൂർ മണ്ഡലത്തിലെ അരഡസനിലധികം റോഡുകളുടെ ടാറിംഗ് നടപടികൾ കരാർ നൽകിയിട്ടും പൂർത്തിയാക്കാൻ കഴിയുന്നില്ല.റോഡുകൾ തകർന്നതോടെ പലയിടങ്ങളിലും പ്രതിഷേധ സമരങ്ങളും രൂപപ്പെട്ടു.
റോഡിന്റെ നീളം : 3 കിലോമീറ്റർ.
നിർമ്മാണ ചെലവ് : രണ്ട് കോടി.
വീതി : 5.50 മീറ്റർ
നിർമ്മാണ കാലാവധി : ആറ് മാസം
കരാർ നൽകിയിട്ട് : 9 മാസം
പൈപ്പ് പൊട്ടൽ കാരണം ടാറിംഗ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിക്ക് പലതവണ കത്ത് നൽകി. യാതൊരു നടപടിയുമില്ല.നലവിലെ സാഹചര്യത്തിൽ ഉന്നത നിലവാരത്തിൽ ടാൻ ചെയ്താലും ഒരാഴ്ചയ്ക്കുള്ളിൽ റോഡ് പലയിടങ്ങളിലും തകരും. ഇതാണ് ടാറിംഗ് വൈകാൻ കാരണം.
(പൊതുമരാമത്ത് അധികൃതർ)