അടൂർ : നഗരത്തിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി. കൊവിഡ് നിയന്ത്രണം കാരണം രാത്രി 7 വരെ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാറുള്ളൂ. അതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്രകാശവും ലഭ്യമല്ല. അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ,സെൻട്രൽ ജംഗ്ഷൻ, നെല്ലിമുട്ടിൽപ്പടി എന്നിവിടങ്ങളിലെ തെരുവു വിളക്കുകൾ കത്തുന്നില്ല. അടൂർ നഗരത്തിൽ ഓടയുടെ പുനർനിർമ്മാണവും, പാലം പണിയും നടക്കുന്നതിനാൽ ഇരു ചക്രം ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരന്തരം അടൂർ മുനിസിപ്പൽ അധികാരികളോട് ബന്ധപ്പെട്ടിട്ടും യാതൊരുവിധത്തിലുള്ള തുടർ നടപടിയും സ്വീകരിക്കുന്നില്ല. മഴക്കാലമായതിനാൽ ഓടയിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കൂടാതെ നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഇത്തരം സാഹചര്യങ്ങൾ നിലിൽക്കേ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭയുടേയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും നടപടിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സാഹചര്യം തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുന്നതിനും യോഗം തീരുമാനമെടുത്തു. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു.എബി തോമസ് അനന്തു നാരായണൻ, അഖിൽ,എബെൽ,ജോഷ്വാ, റോബിൻ, സജിൻ, എന്നിവർ സംസാരിച്ചു.