പന്തളം: അടൂർ - ചെങ്ങന്നൂർ മാതൃകാ സുരക്ഷാ ഇടനാഴി വരുന്നു. കെ.എസ്.ടി.പിയുടെ എം.സി റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് മാതൃകാ സുരക്ഷാ ഇടനാഴി. ഇതിന്റെ കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള 78.65 കിലോമീറ്റർ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ചെങ്ങന്നൂർ മുതൽ ബാക്കിയുള്ള 23.8 കി.മീറ്റർ ഭാഗമാണ് നവീകരക്കുന്നത്. 9.81 കോടി രൂപയാണ് ചെലവ്.

പദ്ധതിയിൽ ഉള്ളത്

20.74 കി. മീറ്റർ നീളത്തിൽ നടപ്പാത, ഓട നിർമ്മാണം, 15 കി. മീറ്റർ പെഡെസ്ടിയൻ ഗാർഡ് റെയിൽ, 6.7 കി. മീറ്റർ ക്രാഷ് ബാരിയർ, 1.14 കി. മീറ്റർ സംരക്ഷണഭിത്തി, പന്തളം വലിയ പാലത്തിന്റെയും 3 ചെറിയ പാലങ്ങളുടെയും പുനരുദ്ധാരണം, 44 കലുങ്കുകളുടെ നിർമ്മാണം, 20 കലുങ്കുകളുടെ പുനരുദ്ധാരണം, 19 പ്രധാന ജംക്ഷനുകളുടെയും 72 ചെറിയ ജംക്ഷനുകളുടെയും നവീകരണം, റോഡ് സുരക്ഷയ്ക്കായുള്ള റോഡ് മാർക്കിംഗുകൾ, ദിശാ സൂചനാ ബോർഡുകൾ, ഐ.ആർ.സി പ്രകാരമുള്ള വേഗതാനിയന്ത്രണ സംവിധാനങ്ങൾ എന്നിവയാണ് പദ്ധതിയിലുള്ളത്.

ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽപ്പെടുത്തിയ പദ്ധതിൽ അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള മാതൃകാ സുരക്ഷാ ഇടനാഴി നിർമ്മാണം പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.കുളനടയിൽ പി.ഡബ്ളി.യുഡി റെസ്റ്റ് ഹൗസിൽ വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻഎം.എൽ.എ ,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷൻ ഷിബു രാജൻ കെ, കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട,കെ.എസ്.ടി.പി കൊട്ടാരക്കര സൂപ്രണ്ടിംഗ് എൻജിനിയർ ബിന്ദു എൻ,അസി.എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ പി.എന്നിവർ പങ്കെടുത്തു.