കോന്നി: നിക്ഷേപ തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമകളുടെ കൊച്ചിയിലെ വില്ലകളിൽ നിന്ന് ആഡംബര കാറുകൾ പിടിച്ചെടുത്തു. ഉടമ തോമസ് ഡാനിയേലിന്റെ ഭാര്യ പ്രഭ, മക്കളായ റിനു , റീബ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് നടപടി. ഡ്രൈവർമാരുടെ പേരിലും വാഹനങ്ങൾ വാങ്ങിയതായി കണ്ടെത്തി.

കൊച്ചിയിൽ ഇവരുടെ മൂന്ന് ആഡംബര ഫ്‌ളാറ്റുകൾ കണ്ടെത്തി. തട്ടിപ്പ് ആസുത്രണം ചെയ്തതിൽ കുടുബത്തിന് പുറത്തുള്ളവർക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. തൃശൂർ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ വിലക്കുകൾ ലംഘിച്ച് 21 എൽ.എൽ.പി. കമ്പനികളുടെ പേരിലാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ഇത് ആസുത്രിത മാണെന്ന് കരുതുന്നു. നിക്ഷേപം സ്വീകരിച്ച കമ്പനികൾ നഷ്ടത്തിലായിരുന്നെന്ന് തോമസ് ഡാനിയേൽ കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ പറയുന്നു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നടന്ന ഇടപാടുകളെ പറ്റി അന്വേഷണം നടത്താൻ ഇന്റർപോളിന്റെ സഹായം തേടിയേക്കും. വകയാറിലെ കുടുബവീട്ടിൽ നേരത്തെ നടത്തിയ പരിശോധനയിൽ പ്രതികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ കണ്ടെത്തിയിരുന്നു.

-------------

ജീവനക്കാരെ ചോദ്യം ചെയ്തു

പത്തനംതിട്ട: വകയാറുള്ള ബാങ്കിന്റെ ആസ്ഥാനത്തെ അക്കൗണ്ട്‌സ് മാനേജർ, ട്രഷറി മാനേജർ, ഐ.ടി മാനേജർ, അക്കൗണ്ടന്റ്, ഓഡിറ്റർ ഇൻസ്‌പെക്ടർ എന്നിവരെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഫിനാൻസ് സ്ഥാപനത്തിന്റെ കീഴിൽ വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും പുറത്തേക്കു പോയ തുകകളും സംബന്ധിച്ച ഒാൺലൈൻ വിവരങ്ങൾ ജില്ലാ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ വിശകലനം ചെയ്തിട്ടുണ്ട്.

പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ തെളിവെടുപ്പ് പൂർത്തിയായി. ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ തെളിവെടുപ്പ് തുടരും.

ആസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കമ്പനി മാറ്റിയ അക്കൗണ്ടുകളെപ്പറ്റിയും അവിടങ്ങളിലെ സഹായികളെപ്പറ്റിയും അന്വേഷണം തുടരുകയാണ്. നിക്ഷേപകരുടെ തുകകൾ ഇതര കമ്പനികളുടെ പേരിൽ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചു.

---------------

വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായും തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ ഒരുമിച്ച് ഐ.ജി ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവികെ.ജി.സൈമൺ പറഞ്ഞു..

--------------------

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് നിയമ ഉപദേശം നൽകുന്നതിനും സമരപരിപാടികൾ ആവിഷ്‌കരിക്കുന്നതിനുമായി 15ന് ഉച്ചയ്ക്ക് 2ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നിക്ഷേപകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഹെൽപ്പ്‌ലൈൻ കോ ഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ അറിയിച്ചു.