തിരുവല്ല: വിധവയും ഭിന്നശേഷിക്കാരിയുമായ സിന്ധുവിനും മക്കളായ അലനും എബിനും തണലായി സി.പി.എം ഇരവിപേരൂർ ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ചു നൽകി. ആറുവർഷം മുമ്പാണ് സിന്ധുവിന്റെ ഭർത്താവ് റെനീഷ്‌കുമാർ കാൻസർ ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് ഭർതൃസഹോദരൻമാർ കുടുംബമായി താമസിക്കുന്ന കൊറ്റുശാലിൽ വീട്ടിലായിരുന്നു ഈ മൂന്നംഗ കുടുംബത്തിന്റെയും താമസം. തുടർന്ന് ഭർതൃപിതാവ് രാജപ്പൻ തനിക്കുള്ള 10 സെന്റിൽ നിന്ന് 2.5 സെന്റ് പുരയിടം സിന്ധുവിന് വീട് വയ്ക്കാൻ വിട്ടുനല്കി. ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് 800 ചതുരശ്രഅടി വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണ കമ്മിറ്റിയുടെ ചെയർമാൻ മാത്യു.തേക്കുംമൂട്ടിൽ അദ്ധ്യക്ഷനായ ചടങ്ങിൽ വീണാ ജോർജ് എം.എൽ.എയിൽ നിന്നും സിന്ധുവും മക്കളും ചേർന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ.രാജപ്പൻ, പി.സി. സുരേഷ്‌കുമാർ, അനസൂയാദേവി, അഡ്വ.രാജീവ് എൻ, റജി കാക്കനാട്ടിൽ എന്നിവർ പ്രസംഗിച്ചു.