പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള തീർത്ഥാടന പാത നവീകരണത്തിന്റെ ഭാഗമായി കുമ്പഴ മലയാലപ്പുഴ റോഡ് ടാറിംഗ് നടത്തുന്നതിനായി നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വീണാ ജോർജ് എം.എൽ.എ അറിയിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ പത്തനംതിട്ട നഗരസഭാ പരിധിയിലൂടെയാണ് ഈ റോഡിന്റെ ഏറിയ ഭാഗവും കടന്ന് പോകുന്നത്.
തീർത്ഥാടകർ സന്ദർശിക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മലയാലപ്പുഴ ക്ഷേത്രവും , ശബരിമല മണ്ഡലകാലത്തു തങ്ക അങ്കി രഥഘോഷയാത്രയുടെ പ്രധാന പാതയുമാണ് ഈ റോഡ്. കുമ്പഴ മുതൽ മലയാലപ്പുഴ വരെ നാലു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. അത്യാധുനിക രീതിയിലുള്ള റോഡ് നവീകരണത്തോടെ തീർത്ഥാടകർ, എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ, പ്രദേശ വാസികൾ അടക്കം ഉള്ളവരുടെ യാത്രകൾ സുഗമമാകും. മലയാലപ്പുഴ പ്രദേശത്തുള്ളവർക്ക് കോന്നി മെഡിക്കൽ കോളേജിലേക്ക് എത്തുന്നതിനും ഏറെ സഹായകരമാകുന്നതാണ് ഈ റോഡ്
ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലയിൽ ആകമാനം 41.30 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ആണ് ഭരണാനുമതി ലഭിച്ചത്. ആങ& ആഇ നിലവാരത്തിൽ ടാറിംഗ് , ഐറിഷ് ഡ്രെയിൻ , ഇന്റർലോക്ക് , സംരക്ഷണ ഭിത്തി നിർമ്മാണം അടക്കം ഉള്ള നവീകരണ പ്രവർത്തനങ്ങൾ ശബരിമല മണ്ഡലകാലത്തിനു മുൻപായി പൂർത്തീകരിക്കുമെന്നു വീണ ജോർജ് എം.എൽ.എ പറഞ്ഞു.