കൊടുമൺ: കൊവിഡ് കാരണം ഉപജീവനം മുടങ്ങിയവർ ഏറെയാണ് നമുക്കിടയിൽ. ഇതിലൊരു വിഭാഗമാണ് സ്കൂൾ പാചക തൊഴിലാളികൾ.അദ്ധ്യയന വർഷമുള്ളപ്പോൾ നിരവധി കുരുന്നുകൾക്ക് ഭക്ഷണം പാചകം ചെയ്ത് വിളമ്പിയവരുടെ വീട്ടിലെ അടുപ്പ് പുകയുന്നത് വറുതികൾക്ക് നടുവിലാണ്. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവരാണ് സ്കൂൾ പാചക തൊഴിലാളികളിൽ ഏറെയും. ഇവരെല്ലാം നിർദ്ധന കുടുംബത്തിൽ പെട്ടവരാണ്. സ്കൂളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. ഇവർക്ക് 2017 മുതൽ 2020 വരെയുള്ള കുടിശികയും സർക്കാർ നൽകുവാനുണ്ട്.
സ്കൂൾ തുറക്കാൻ ഇനിയും കാലതാമസം
സ്കൂളുകൾ തുറക്കുവാൻ ഇനിയും കാലതാമസം വരുമെന്നതിനാൽ ആശങ്കയിലാണ് ഇവർ. അസംഘടിത മേഖലയായതിനാൽ ആരും തിരിഞ്ഞ് നോക്കുന്നില്ലന്നും ആക്ഷേപമുണ്ട്. ആവുന്ന കാലമത്രയും ആത്മാർത്ഥതയോടെ ജോലി നോക്കിയിട്ട് വെറും കൈയോടെയാണ് ഇവർ പലപ്പോഴും പടിയിറങ്ങുന്നത്. നാളിത് വരെ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയോ ക്ഷേമനിധി യോ ഇ.എസ്.എ ആനുകൂല്യങ്ങളോ ലഭ്യമാക്കിയിട്ടില്ല. 35 വർഷമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾ ചെയ്തിട്ടും നിരവധി നിവേദനങ്ങൾ നൽകിയിട്ടും മാറി വന്ന സർക്കാരുകൾ ഇവർക്ക് നേരെ മുഖം തിരിക്കുകയാണ്. 70, 80 വയസ് പ്രായമായവർ വരെ ഈ മേഖലയിൽ ജോലി നോക്കി ഉപജീവനം കഴിഞ്ഞ് വരുന്നുണ്ട്.
മുൻ വർഷത്തെ അലവൻസും ലഭിച്ചില്ല
മുൻവർഷങ്ങളിൽ ലഭിച്ച അവധിക്കാല അലവൻസും ഇവർക്ക് ലഭ്യമാക്കിയിട്ടില്ല. ഇതോടെ പലരുടെയും ജീവിത മാർഗം അടഞ്ഞതോടെ കൂലിപണി ചെയ്തും ബീഡി തെറുത്തുമാണ് അന്നത്തെ അന്നത്തിനുള്ള വഴി കണ്ടെത്തുന്നത്. സ്കൂളുകൾ തുറന്ന് കഞ്ഞി പുരകൾ സജീവമാകുന്നത് വരെ ഇവരുടെ അന്നം മുടങ്ങാതിരിക്കുവാൻ സർക്കാരിന്റെ സജീവ ഇടപെടൽ ആവശ്യമാണ്.