exam-alert

പത്തനംതിട്ട :സാധാരണയായ കൊവിഡ് പ്രതിരോധ നടപടികൾ എല്ലാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷാ കേന്ദ്രങ്ങളിൽപാലിക്കണം.

കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്ത സെന്ററുകളിൽ മാത്രമേ പരീക്ഷ നടത്താൻ അനുവാദമുള്ളൂ. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് എത്തുന്ന ഉദ്യോഗസ്ഥരെയോ പരീക്ഷാർത്ഥിയേയോ സെന്ററിനുള്ളിൽ പെർമിറ്റ് ചെയ്യാൻ പാടില്ല. ഇത്തരം പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അധികൃതർ മറ്റു സംവിധാനങ്ങൾ ഒരുക്കി നൽകണം. പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ വേണ്ട രീതിയിൽ അധികൃതർ പരീക്ഷാ സമയങ്ങൾ ക്രമീകരിക്കണം. സാമൂഹിക അകലം പാലിച്ച് പരീക്ഷകൾ നടത്താൻ പാകത്തിന് മുറികൾ സെന്ററിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥർക്കും പരീക്ഷാർത്ഥികൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ മാസ്‌ക്, സാനിറ്റൈസർ, സോപ് മുതലായ സംവിധാനങ്ങൾ ഒരുക്കണം. ഉദ്യോഗസ്ഥരും പരീക്ഷാർത്ഥികളും പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ആരോഗ്യനിലയെ കുറിച്ച് സ്വയം പ്രഖ്യാപനം നടത്തണം. അഡ്മിറ്റ് കാർഡുകൾ പുറപ്പെടുവിക്കുന്നതിനൊപ്പം സ്വയം പ്രഖ്യാപന ഫോമുകളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ ലഘു വിവരണങ്ങളും നൽകാവുന്നതാണ്. അഡ്മിറ്റ് കാർഡ്, ഐഡി കാർഡ്, മാസ്‌ക്, വെള്ളം, സാനിറ്റൈസർ തുടങ്ങി എക്‌സാം ഹാളിൽ എന്തെല്ലാം കയറ്റാം എന്നതിനെ സംബന്ധിച്ച നിർദേശങ്ങൾ പരീക്ഷാർഥികളെ മുൻകൂറായി അറിയിക്കണം. സാമൂഹിക അകലം പോലെയുള്ള പ്രതിരോധ നടപടികൾ ഉറപ്പുവരുത്താൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തി രേഖകൾ പരിശോധിക്കാനും അറ്റൻഡൻസ് രേഖപ്പെടുത്താനും ആവശ്യമായ രജിസ്‌ട്രേഷൻ മുറികളും ജീവനക്കാരും ഉണ്ടാകണം.

പരീക്ഷാ കേന്ദ്രങ്ങളിലേക്കും പുറത്തേക്കുമുള്ള ഗതാഗതം
പരീക്ഷ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഹന സൗകര്യം ഒരുക്കുകയാണെങ്കിൽ വാഹനങ്ങളിൽ അണുനശീകരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം
പ്രവേശന കവാടത്തിൽ എല്ലാ വിദ്യാർത്ഥികളും തെർമൽ സ്‌ക്രീനിംഗ് നടത്തുകയും കൈകൾ ശുചീകരിക്കുകയും ചെയ്യണം. സ്വയംപ്രഖ്യാപന നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല. രോഗലക്ഷണങ്ങൾ ഇല്ലാത്ത ജീവനക്കാർക്കും ഉദ്യോഗാർഥികൾക്കും മാത്രമേ സെന്ററിനുള്ളിലേക്ക് പ്രവേശനമുള്ളൂ. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന പരീക്ഷാർഥിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്താൻ നിർദേശിക്കുകയും മറ്റ് മാർഗങ്ങളിലൂടെ പരീക്ഷ എഴുതാൻ അവസരം നൽകുകയോ അല്ലെങ്കിൽ പരീക്ഷാർത്ഥികൾ ശാരീരികമായി യോഗ്യനാണെന്ന് പ്രഖ്യാപിക്കുമ്പോൾ പിന്നീടുള്ള തീയതിയിൽ പരീക്ഷ എഴുതാനോ ഉള്ള ക്രമീകരണങ്ങൾ സർവകലാശാലകൾ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുകയും വേണം.

പരീക്ഷാ കേന്ദ്രത്തിലും പാർക്കിംഗ് സ്ഥലങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ശാരീരിക അകല മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ബാഗുകൾ, പുസ്തകങ്ങൾ, മൊബൈലുകൾ എന്നിവ പരീക്ഷാകേന്ദ്രത്തിൽ അനുവദിക്കില്ല.

ഹൈ റിസ്‌ക് വ്യക്തികൾക്കായി പ്രത്യേക മുൻകരുതലുകൾ
പ്രായമായ ജീവനക്കാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ തുടങ്ങിയ ഹൈ റിസ്‌ക് ആളുകളെ ഇൻവിജിലേഷൻ ജോലിക്കായോ പരീക്ഷ നടത്താനോ നിയോഗിക്കാൻ പാടില്ല. പരീക്ഷാർത്ഥികളുമായി നേരിട്ടുള്ള സമ്പർക്കം ആവശ്യമില്ലാത്ത ജോലികളിൽ അത്തരം സ്റ്റാഫുകളെ നിയോഗിക്കണം.