പത്തനംതിട്ട : പഴകുളം സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ മൂന്ന് വർഷം നടന്ന അഴിമതിയെപ്പറ്റി അന്വേഷിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാങ്കിന്റെ മുൻ പ്രസിഡന്റ് പഴകുളം ശിവദാസൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 21വർഷം ബാങ്കിന്റെ പ്രസിഡന്റായിരുന്ന തന്നെ വിതരണ മേളയിൽ അഴിമതി നടത്തിയെന്നാരോപിച്ച് പിരിച്ച് വിട്ടു.എന്നാൽ നടപടിക്രമങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ആഗസ്റ്റ് 16ന് ഭരണ സമിതിയെ പിരിച്ച് വിട്ടതിന് ശേഷം അടൂർ അസി.രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്ട്രക്ടർ സുഭാഷിനെ ചുമതലപ്പെടുത്തുകയും മൂന്നുമാസം അദ്ദേഹം ഭരിക്കുകയും രാധാകൃഷ്ണക്കുറുപ്പ് കൺവീനറായും കൃഷ്ണകുമാർ, സതി എന്നിവരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.മൂന്നു വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ഇവിടെ.ആറ് മാസത്തിൽ കൂടുതൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് അനുമതിയില്ലാതിരിക്കെ വീണ്ടും ഈ ഭരണം തുടരാൻ പോകുന്നതായി അറിയുന്നു. ഈ കമ്മിറ്റിയുടെ കാലത്താണ് ബാങ്കിൽ അഴിമതി നടന്നതെന്നും അദ്ദേഹം പറഞ്ഞു.അടൂർ എ.ആർ ഓഫീസിലെ ജീവനക്കാരാണ് അഴിമതിക്ക് കൂട്ടു നിൽക്കുന്നത്.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഭാര്യ സെക്രട്ടറിയായ പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്കിനെ ഉയർത്തികൊണ്ടു വരാനാണ് പഴകുളം സർവീസ് സഹകരണ ബാങ്കിൽ അഴിമതിക്ക് കൂട്ടു നിൽക്കുന്നത്.അഴിമതിക്കായി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അളിയനെ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗവുമാക്കി.ഒന്നരകോടിയോളം രൂപ അനധികൃത ലോണും നൽകി.ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവർ ഉൾപ്പെടെ പുതിയ അംഗങ്ങളെ ഇപ്പോൾ ചേർക്കുകയാണ്.അഴിമതിക്കെതിരെ ഇന്ന് രാവിലെ 10ന് ബാങ്കിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കുമെന്ന് പഴകുളം ശിവദാസൻ പറഞ്ഞു.