underpath
ഇരുവെള്ളിപ്പറ അടിപ്പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ റെയിൽവേ അധികൃതർ എത്തിയപ്പോൾ

തിരുവല്ല: മഴക്കാലത്ത് തിരുമൂലപുരം -കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ പതിവാകുന്ന വെള്ളക്കെട്ടിന് പരിഹാര മാർഗം തേടി റെയിൽവേ അധികൃതർ സ്ഥലത്തെത്തി. ഇതുസംബന്ധിച്ച് ജനങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എറണാകുളത്ത് നിന്നുള്ള റെയിൽവേ എൻജിനിയറിംഗ് വിഭാഗം ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി. അടിപ്പാതയിലെ ഡ്രെയിനേജ് സംവിധാനത്തിലെ പാകപ്പിഴകൾ രണ്ട് ഘട്ടമായി പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. അടിപ്പാതയ്ക്ക് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിയുമ്പോൾ അടിപ്പാതയിൽ ഉണ്ടാകുന്ന പ്രതിസന്ധിക്കും പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്ന പരിഹാരത്തിനുള്ള ജോലികൾ ഉടൻ തുടങ്ങുമെന്നും റെയിൽവേ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. കർഷക കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ലെജു പുളിക്കത്രമണ്ണിൽ, തീരം റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ അനിൽ കിടങ്ങപ്പറമ്പിൽ എന്നിവരും ഉദ്യോഗസ്ഥരോട് ദുരിതങ്ങൾ നേരിട്ട് അറിയിച്ചു.