പത്തനംതിട്ട: ചെന്നീർക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും ഇറങ്ങിപ്പോയതായി എൽ.ഡി.എഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇലന്തൂർ ബി. ഡി.ഒ വരണാധികാരിയായിരുന്ന യോഗത്തിൽ യു.ഡി.എഫിലെ ആറ് അംഗങ്ങളും എൽ.ഡി.എഫിലെ ആറ് അംഗങ്ങളും എത്തി. അവിശ്വാസ പ്രമേയം ചർച്ച ആരംഭിക്കാൻ തുടങ്ങിയപ്പോൾ വരണാധികാരിയെ തടസപ്പെടുത്തി ഭരണപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. ചർച്ചയിൽ പങ്കടുക്കണമെന്ന് യു.ഡി.എഫിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് നിർബന്ധിച്ച് അവരെ പുറത്തേക്ക് കൊണ്ടു പോയി. യു.ഡി.എഫ് അംഗങ്ങൾ തന്നെ പ്രസിഡന്റിന് എതിരാണെന്നും ഇവർ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് യു.ഡി.എഫ്, ആറ്എൽ ഡി.എഫ്, ഒരു ബി.ജെ.പി അംഗവുമാണ് വിജയിച്ചത്. അന്നു മുതൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. അഴിമതിയിൽ പ്രതിേഷധിച്ച് വൈസ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും ജയിംസ് കെ.സാം രാജിവെച്ചു. കാലിതീറ്റ വിതരണം, പച്ചത്തുരുത്ത് പദ്ധതി, തെരുവ് വിളക്ക് പദ്ധതി, ഫർണീച്ചറുകൾ വാങ്ങൽ എന്നിവയിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. ലൈഫ് പദ്ധതി അട്ടിമറിക്കൻ ശ്രമം നടന്നെന്നും അവർ ആരോപിച്ചു.പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കെതിരെ ഇന്ന് മുതൽ സമര പരിപാടികൾ ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ അഭിലാഷ് വിശ്വനാഥ്, ടി.ടി ജോൺസ്,എ.പി അനു,കെ.കെസജി ,സുശീല ടി.ജോർജ് എന്നിവർ പങ്കെടുത്തു.