 
തിരുവല്ല: കവിയൂർ പുഞ്ചയിലെ നെൽകൃഷി അനിശ്ചിതത്വത്തിൽ. ഒക്ടോബറിൽ തുടങ്ങേണ്ട കൃഷിക്കാവശ്യമായ പെട്ടിയും പറയും സ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 700 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിയാണ് ഇതുമൂലം ആശങ്കയിലായിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പെട്ടിയും പറയും സ്ഥാപിക്കുന്ന തൂണുകളും തറയും കഴിഞ്ഞ വർഷമുണ്ടായ കാലവർഷത്തിൽ തകർന്നിരുന്നു. ഇവ പുനർനിർമ്മിക്കാൻ നടപടിയില്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത്. പെട്ടിയും പറയും പ്രവർത്തിപ്പിക്കാനാകാതെ വന്നതോടെ കഴിഞ്ഞ വർഷം മണൽച്ചാക്ക് അടുക്കിവെച്ച് പാടത്തേക്കുള്ള വെള്ളം നിയന്ത്രിച്ചാണ് കൊയ്ത്ത് നടത്തിയത്. കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കുറ്റപ്പുഴ തോട് വഴിയാണ് പുഞ്ചയിലെ വെള്ളം പുറത്തേക്ക് വിടുന്നത്. ഇതിന് വേണ്ടി മാർത്തോമ്മാ കോളേജിന് പിൻവശത്തുള്ള തോടിനോട് ചേർന്നാണ് പെട്ടിയും പറയും സ്ഥാപിക്കാറുള്ളത്. ഇവിടുത്തെ പെട്ടിയും പറയും സ്ഥാപിക്കാനുള്ള തറയും തൂണുകളുമാണ് വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു വീണത്. തറ പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നാലുമാസം മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും തന്നെയുണ്ടായില്ലെന്നതാണ് കർഷകരുടെ പരാതി.
പെട്ടിയും പറയും പുനസ്ഥാപിക്കണം
അടുത്ത മാസത്തോടെ കൃഷിക്കുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ പെട്ടിയും പറയും പുനസ്ഥാപിച്ചാൽ മാത്രമേ സാധിക്കുവെന്നും ഇല്ലെങ്കിൽ കൃഷി മുടങ്ങുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും കർഷകർ പറയുന്നു.
പെട്ടിയും പറയും പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കൃഷി വകുപ്പടക്കം തയാറാകണം
അനിൽകുമാർ, പ്രസാദ് കുമാർ, മോനിച്ചൻ)
(പാടശേഖരസമതി ഭാരവാഹികൾ
-കൃഷിക്കാവശ്യമായ പെട്ടിയും പറയും സ്ഥാപിച്ചിട്ടില്ല
-700 ഏക്കർ പാടശേഖരത്തിലെ കൃഷി അനിശ്ചിതത്വത്തിൽ