പത്തനംതിട്ട: ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും റാന്നി മേഖല പ്രസിഡന്റുമായ ബിജുതോമസിന്റെ ഉടമസ്ഥതയിലുള്ള റാന്നി തായില്ല്യം ബാർബിക്യു അടിച്ചുതകർക്കുകയും അദ്ദേഹത്തെയും തൊഴിലാളികളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ഇരുപതോളം വരുന്ന സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബിജുതോമസിന്റെ കാൽമുട്ടിന് പൊട്ടലുണ്ടാവുകയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അക്രമികളുടെ വിവരങ്ങൾ ഉൾപ്പെടെ കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ബിജു തോമസിന്റെ മൊഴി രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടി ഉണ്ടായില്ല. കേസിൽ പൊലീസ് അനാസ്ഥ കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആര്യ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് കൈപ്പട്ടൂർ, മനോജ് എഴുമറ്റൂർ, സജി ഏബ്രഹാം, അജി ക്രിസ്റ്റി എന്നിവർ സംസാരിച്ചു.