അടൂർ : ജില്ലയിൽ ഏറ്റവും കൂടുതൽ ക്രൈം ഉൾപ്പെടെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അടൂർ സ്റ്റേഷനിൽ വാഹനമില്ലാത്തത് കാരണം യഥാസമയം സ്ഥലത്ത് എത്താൻ കഴിയാതെ പൊലീസ് കിതയ്ക്കുകയാണ്. ഒപ്പം നാട്ടുകാരുടെ പരാതി മറ്റൊരു വഴിക്കും. ആവശ്യമായ വാഹനം ഇല്ലാത്തതാണ് ഇതിന് കാരണം. എന്നാൽ ക്രമസമാധാന ചുമതല വഹിക്കുന്ന പൊലീസിന് ഇതൊട്ടു പുറത്ത് പറയാനും കഴിയില്ല. പരാതി ലഭിച്ച് വാഹനം കണ്ടെത്തിസ്ഥലത്ത് എത്തുമ്പോഴേക്കും പ്രതിയും കാണില്ല. ഇതുകാരണം പലപ്പോഴും പ്രതികൾ ഉൾപ്പെടെയുള്ളവർ രക്ഷപെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അടൂർ പൊലീസ് സ്റ്റേഷൻ
കൊല്ലം ജില്ലയിലെ ആനയടി മുതൽ ഏനാദിമംഗലം പഞ്ചായത്തിലെ കൊല്ലം ജില്ലാ അതിർത്തിയായ ഇരുപത്തിയാറാംമൈൽ വരെ നീണ്ടുനിവർന്ന് കിടക്കുന്നതാണ് അടൂർ പൊലീസ് സ്റ്റേഷന്റെ അതിർത്തി. ഒപ്പം ഏറെ ഗതാഗതത്തിരക്കുള്ള എം.സി റോഡും കെ.പി റോഡും കടന്നുപോകുന്ന പ്രധാന നഗരവുമാണ് അടൂർ.
ഇപ്പോഴുള്ളത് കൺട്രോൾ റൂം വാഹനം മാത്രം
രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഏറെ ജാഗ്രത പാലിക്കേണ്ട പൊലീസിന് സർക്കിൾ ഇൻസ്പക്ടർക്കും കൺട്രോൾ റൂം വാഹനവുമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതാകട്ടെ കാലപ്പഴക്കംകൊണ്ട് പലപ്പോഴും വഴിയിൽ കിടക്കുന്ന സ്ഥിതിയാണ്. എസ്.ഐയ്ക്ക് സ്വന്തമായി വാഹനമില്ല. പത്ത് മാസം മുൻപ് ചടയമംഗലത്തുവച്ച് എസ്.ഐയുടെ വാഹന അപകടത്തിൽപ്പെട്ടതോടെ അത് ഉപയോഗ യോഗ്യമല്ലാതെയായി മാറി.രണ്ടാമതുള്ള ജീപ്പ് അഞ്ച് ലക്ഷത്തോളം കിലോമീറ്റർ ഓടി അതും നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥ. സർക്കിൾ ഇൻസ്പെക്ടർഉപയോഗിക്കുന്ന വാഹനം പൈലറ്റ് ഡ്യൂട്ടിക്ക് പോയാൽ അടൂർ സ്റ്റേഷൻ പരിധിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ പൊലീസുകാർക്ക് ഓടിയെത്താൻ വാഹനമില്ലാത്ത സ്ഥിതിയാണ് നിലവിൽ.
അടൂർ സ്റ്റേഷന് അനുവദിച്ചത് തല്ലിപ്പൊളി വാഹനം
പത്തനംതിട്ട, തിരുവല്ല സ്റ്റേഷനുകളിൽ കൺട്രോൾ റൂം, ട്രാഫിക് വിഭാഗങ്ങളിൽ പുതിയ വാഹനങ്ങൾ അനുവദിച്ചപ്പോൾ പൊലീസ് ക്യാമ്പിൽ 5 ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ പഴ വാഹനമാണ് ലഭ്യമാക്കിയത്. ഇതാകട്ടെ പലപ്പോഴും വഴിയിൽ കിടക്കുന്ന അവസ്ഥയാണ്.മതിയായ വാഹനം ലഭ്യമാക്കാൻ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ അടൂർ സ്റ്റേഷൻ പരിസരത്ത് യഥാസമയം പൊലീസിന് എത്താനാകില്ല.അതിന്റെ പ്രധാന ഉത്തരവാദികൾ ആഭ്യന്തര്യരവകുപ്പ് മാത്രമാകും.