popular-finance-scam

പത്തനംതിട്ട: സഹസ്ര കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമകൾ, അവർ സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ ചോദ്യം ചെയ്യൽ സമയത്തും അന്വേഷണ ഏജൻസികളിൽ നിന്ന് മറച്ചുവച്ചു. ഒരാഴ്ചയോളം പൊലീസ് കസ്റ്റഡിയിൽ നടത്തിയ തെളിവെടുപ്പിൽ സ്വർണവും വസ്തുവകകളും ഉൾപ്പെടെ 125 കോടിയുടെ സ്വത്തുക്കളെക്കുറിച്ചും 13 കാറുകളെക്കുറിച്ചുമാണ് പോപ്പുലർ ഉടമകൾ വെളിപ്പെടുത്തിയത്. അതേസമയം, തങ്ങളുടെ അന്വേഷണത്തിൽ ലക്ഷം കോ‌ടിയോളം ആസ്തികളുണ്ടെന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.

പൊലീസിന്റെ ആദ്യ ചോദ്യം ചെയ്യലിൽ 79കോടിയുടെ സ്വത്തിനെപ്പറ്റി പറഞ്ഞ പോപ്പുലർ ഉടമകൾ വിശദമായി ചോദിച്ചപ്പോഴാണ് 125 കോടിയുടെ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ രേഖകളും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തിയപ്പോഴേക്കും പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായി. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇൗ മാസം 28വരെ റിമാൻഡ് ചെയ്തു. പോപ്പുലർ മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ, ഭാര്യയും കമ്പനി പാർട്ണറുമായ പ്രഭ, മക്കളും ഡയറക്ടർമാരുമായ റിനു, റേബ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു മകൾ റിയ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ്, കസ്റ്റഡി കാലാവധി നീട്ടിച്ചോദിച്ചിരുന്നുവെങ്കിൽ സ്വത്തുക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു.

വിറ്റഴിച്ചുവോ..?

പോപ്പുലർ പൊട്ടുന്നതിന്റെ വക്കിലെത്തിയപ്പോൾ സ്വത്തുക്കളേറെയും ഉടമകൾ വിറ്റഴിച്ചുവെന്നും സംശയമുണ്ട്. പ്രതികളുമായി ആന്ധ്രയിലും തമിഴ്നാട്ടിലും തെളിവെടുപ്പിന് പോയ പൊലീസിന് ഏതാനും ഭൂമി ഇടപാടകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. വിദേശ ബാങ്കുകളിലെ അക്കൗണ്ടുകൾ സംബന്ധിച്ച് രേഖകൾ ഒളിപ്പിച്ചത് പ്രതികളുടെ വകയാറിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇന്റർപോളിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിന് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് കേസ് സി.ബി.എെയ്ക്ക വിടാൻ സർക്കാർ തീരുമാനിച്ചത്.

സി.ബി.എെ അന്വേഷണം

സ്വാഗതം ചെയ്ത് നിക്ഷേപകർ
സംസ്ഥാനത്തെ ആയിരക്കണക്കിനാളുകളുടെ പണം നഷ്ടപ്പെട്ട സഹസ്ര കോടി സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തെ നിക്ഷേപകർ സ്വാഗതം ചെയ്തു.

കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന പോപ്പുലർ ഫിനാൻസിൽ നടന്ന 2500 കോടിയുടെ തട്ടിപ്പാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്. നാലായിരം കോടിയിലേറെ തട്ടിപ്പു നടന്നതായാണ് നിക്ഷേപകരുടെ പരാതി.

മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വ്യാപിച്ചു കിടക്കുന്ന പോപ്പുലർ തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ കോന്നി പൊലീസ് സ്റ്റേഷനിൽ ഒറ്റക്കേസായി പരിഗണിച്ച് അന്വേഷിക്കാനുള്ള ഡി.ജി.പിയുടെ നിർദേശത്തെ നിക്ഷേപകർ ചോദ്യം ചെയ്തിരുന്നു. ഒറ്റക്കേസായി പരിഗണിക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ലഭിക്കുമെന്ന് ആക്ഷപം ഉയർന്നിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ തട്ടിപ്പു നടത്തിയവരെ സമ്മർദ്ദത്തിലാക്കി നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാമെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടിയത്.

പാപ്പർ ഹർജി

പോപ്പുലർ ഫിനാൻസ് ഉടമകൾ പത്തനംതിട്ട സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജി പരിഗണിക്കുന്നത് ഇ മാസം 24ലേക്ക് മാറ്റി. കേസ് ഫയലുകൾ പഠിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന പരാതിക്കാരുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചാണ് സബ് ജഡ്ജ് കവിതാ ഗംഗാധരൻ കേസ് മാറ്റിവച്ചത്. പരാതിക്കാർക്ക് വേണ്ടി പതിനഞ്ചോളം അഭിഭാഷകരാണ് ഇന്നലെ കോടതിയിൽ ഹാജരായത്. കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് കൊച്ചിയിൽ നിന്ന് വന്ന അഭിഭാഷകർ വാദിച്ചപ്പോൾ മറ്റുള്ളവർ എതിർത്തു. പ്രതി താേമസ് ഡാനിയേലിനെ കൊട്ടാരക്കര ജയിലിലും ഭാര്യ പ്രഭ, മക്കൾ റിനു, റേബ എന്നിവരെ അട്ടക്കുളങ്ങര സബ്‌‌ജയിലിലും റിമാൻഡ് ചെയ്തു.

പൊലീസ് ഇതുവരെ

 കോന്നി പൊലീസ് സ്റ്റേഷനിൽ നിക്ഷേപകർ പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്തു.  സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതി കോന്നിയിലേക്ക് മാറ്റി.

 പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ സ്ഥാപനത്തിൽ റെയ്ഡ്.

 അറസ്റ്റിലായവരുമായി ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ തെളിവെടുത്തു.

 കൊച്ചിയിൽ ഫ്ളാറ്റുകളും ആഡംബര കാറുകളും ഉണ്ടെന്നു കണ്ടെത്തി. രഹസ്യ ബാങ്ക് രേഖകൾ പിടിച്ചെടുത്തു.

 പൊലീസ് ചോദ്യം ചെയ്തപ്പോൾ 125 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രതികൾ പറഞ്ഞു.

 പോപ്പുലർ ഉടമകളുടെ 13 വാഹനങ്ങൾ കണ്ടെടുത്തു.

''

കേസ് സി.ബി.എെയ്ക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ അന്വേഷണത്തിന്റെ രീതി ശരിയല്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കുറച്ചുകാണുന്നില്ല. കേസ് സി.ബി.എെയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.

സി.എസ്.നായർ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ്