ചെങ്ങന്നൂർ: ആലാ പഞ്ചായത്തിൽ കൊവിഡ് സ്ഥിരികരിച്ചവരെ ഒരാഴ്ചയായിട്ടും ആശുപത്രിയിലേക്ക് മാറ്റുന്നില്ലെന്ന് പരാതി. രോഗിയെ ആശുപത്രിയിലെത്തിക്കാനോ വേണ്ട ചികിത്സ ലഭ്യമാക്കുവാനോ നടപടി ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവർത്തകരുടേയോ, ഉദ്യോഗസ്ഥരുടേയോ യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ല. ആലാ എട്ടാം വാർഡ് കോടുകുളഞ്ഞിയിലാണ് സംഭവം. ശ്രവ പരിശോധന ഫലം പോസിറ്റീവായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്ന് രോഗം സ്ഥിരികരിച്ച വയോധികൻ പറയുന്നു. മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടും തനിക്ക് ചികിൽസ നൽകാത്ത അവസ്ഥയിലാണ്. ഇയാളുടെ മകന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊവിഡ് സെന്ററിലായിരുന്നു. ഇപ്പോൾ മകന് കൊവിഡ് നെഗറ്റീവായി ഒരേവീട്ടിൽ തന്നെയാണ് ഇവർ താമസിക്കുന്നത്. ഇത് കൂടാതെ 12-ാം വാർഡിൽ പെണ്ണുക്കര വടക്ക് ജനങ്ങൾ തിങ്ങിപാർക്കുന്ന കോളനി പ്രദേശത്ത് യുവതിക്ക് രോഗം സ്ഥിരികരിച്ചിട്ടും ആശുപത്രിയിലാക്കിയിട്ടില്ല.ജനസാന്ദ്രത ഏറെയുള്ള പ്രദേശത്ത് ഭീതി ഉളവാക്കുന്ന സംഭവമാണിത്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം തിരുവൻവണ്ടൂരിൽ കൊവിഡ് പോസിറ്റിവായ ശേഷം ചികിത്സ കഴിഞ്ഞ് രോഗം ഭേദമായ ഒരാളിനു വീണ്ടും പോസിറ്റീവായ സംഭവവുമുണ്ട്.