പത്തനംതിട്ട : എൽസി വർഗീസ്, വയസ് 38, കോഴഞ്ചേരി സ്വദേശി. ഇന്നലെ കോന്നി മെഡിക്കൽ കോളേജിലെ ഒ.പിയിലെത്തിയ ആദ്യരോഗിയാണ്. ഉദ്ഘാടനത്തിന് ശേഷം ഒ.പി ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ ചീട്ട് എടുത്തത് എൽസിയായിരുന്നു. നിരവധിപ്പേർ രാവിലെ തന്നെ എത്തിയിരുന്നു. രാവിലെ 9ന് ആണ് ചീട്ടെടുപ്പ് ആരംഭിച്ചത്. ജനറൽ ഒ.പിയാണ് ആദ്യഘട്ടം പ്രവർത്തിച്ചത്. ഡോ. സോണി തോമസ് പരിശോധന നടത്തി.
കാല് വേദനയുമായാണ് എൽസി വർഗീസ് മെഡിക്കൽ കോളേജിലെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് പത്രത്തിലും ചാനലിലും വാർത്ത കണ്ടത്. എന്നാൽ ഇങ്ങോട്ട് വരാമെന്ന് കരുതി.
നാല് വർഷം മുമ്പ് ഹെർണ്യാടെ ഓപ്പറേഷൻ കഴിഞ്ഞയാളാണ് എൽസി . കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്ത് വീണു. പൊട്ടലൊന്നും ഇല്ലെങ്കിലും കാലിന് വലിയ വേദനയുണ്ട്. ഓട്ടോയിലാണ് എത്തിയത്. സർജനെയാണ് കണ്ടതെന്ന് എൽസി പറഞ്ഞു. കുടുംബത്തിലേക്ക് ചെന്നുകയറിയപോലെ എല്ലാവരും നല്ല രീതിയിലാണ് പെരുമാറിയത്. നല്ലപോലെ ജീവനക്കാർ എല്ലാവരും ശ്രദ്ധിച്ചു.
റാന്നി - പുതുമന റൂട്ടിൽ ചായക്കട നടത്തുകയാണ് പുതുപറമ്പിൽ വീട്ടിൽ എൽസിയും ഭർത്താവ് വർഗീസും രണ്ടുമക്കളും അടങ്ങുന്ന കുടുംബം.
വലിയ ആശ്വാസമാണ് കോന്നിയിലെ മെഡിക്കൽ കോളേജ്. എന്ത് വന്നാലും ആശ്രയം കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകളായിരുന്നു. പോക്കുവരവ് തന്നെ വലിയൊരു ചെലവായിരുന്നു. പുലർച്ചെ 4 മണിക്കും 5നും എഴുന്നേറ്റ് പോകേണ്ടി വരും. രാത്രിയിലെ തിരിച്ചെത്താൻ കഴിയൂ. ഇതിപ്പോൾ രാവിലെ 8ന് ഇറങ്ങി. 9മണി ആയപ്പോൾ ചീട്ടെടുത്തു. 11.45 ആയപ്പോൾ തിരികെ വീട്ടിലെത്തി. വലിയൊരു ആശ്വാസമാണ്. "
എൽസി വർഗീസ്
(കോന്നി മെഡിക്കൽ കോളേജിലെ ആദ്യ രോഗി)