പത്തനംതിട്ട : കൊവിഡിനെ മറയാക്കി പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകുവാനുള്ള ബോണസ് കുടിശിഖ,ലീവ് വിത്ത് വേജസ്,മെഡിക്കൽ ആനുകൂല്യങ്ങൾ,ഇൻസെന്റീവ് ജോലികളുടെ വേതനം അടക്കമുള്ളവ അടിയന്തരമായും വിതരണം ചെയ്യണമെന്ന് പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ആവശ്യപ്പെട്ടു.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽവന്നതിന് ശേഷമാണ് തൊഴിലാളികൾക്ക് ബോണസ് അടക്കമുള്ള ആനുകൂല്യത്തിന് കുടിശിഖ വരുത്തിയത്.വർഷങ്ങളായി ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക പോലും ചെയ്യാതെ കോർപ്പറേഷനിൽ ദീർഘകാല കരാറുമായി പോലും മാനേജ്‌മെന്റ് മുമ്പോട്ട് പോകുന്നു. അടിയന്തരമായും തൊഴിലാളികളുടെ ബോണസ് കുടിശിഖ അടക്കമുള്ള ആനുകൂല്യങ്ങൾ ഉടനടി നൽകാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ നടത്തുവാൻ പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു സിജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.മോഹൻ രാജ്,അങ്ങാടിക്കൽ വിജയകുമാർ,ആർ.സുകുമാരൻ നായർ,ബി മനോജ് കുമാർ,പി.സി അജയകുമാർ,സി.ജി അജയൻ,സുരേഷ് മഠത്തിൽ,രാജേഷ് ചിരണിക്കൽ ,കെ.രമ,ഓമന കുട്ടൻ, സജികുമാർ തുടങ്ങിയവർ സംസാരിച്ചു.