tractor
നെടുമ്പ്രം കൃഷിഭവനിൽ തുരുമ്പെടുത്ത് നശിക്കുന്ന ട്രാക്ടർ

തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നെൽകൃഷി ഉൾപ്പടെയുളള കാർഷിക ആവശ്യങ്ങൾക്കായി ലഭിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. നെടുമ്പ്രം പഞ്ചായത്ത് കൃഷിഭവന്റെ നിയന്ത്രണത്തിലുള്ള കാർഷിക കർമ്മസേനയ്ക്ക് ലഭിച്ച ട്രാക്ടറാണ് ഒറ്റത്തെങ്ങിലെ കൃഷിഭവൻ വളപ്പിൽ നശിക്കുന്നത്. നെൽകൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കാർഷിക കർമ്മസേനയ്ക്ക് എട്ട് വർഷം മുമ്പ് കൃഷി വകുപ്പാണ് പുതിയ ട്രാക്ടർ നൽകിയത്. അപ്പർകുട്ടനാടൻ പാടശേഖരങ്ങൾക്ക് അനുയോജ്യമല്ലാതെ വന്നതാണ് ട്രാക്ടർ ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഭാരക്കൂടുതൽ കാരണം മേഖലയിലെ പശപ്പുള്ള പാടശേഖരങ്ങളിൽ ഇറക്കിയാൽ ട്രാക്ടർ പുതഞ്ഞു പോകുന്നത് പ്രശ്നമായി. മണ്ണിൽ പുതഞ്ഞു പോകുന്ന ട്രാക്ടർ ജെ.സി.ബിയും ക്രെയിനും ഉപയോഗിച്ച് പാടത്ത് നിന്ന് കെട്ടിവലിച്ച് കയറ്റേണ്ട സാഹചര്യങ്ങളും പലതവണ ഉണ്ടായി. ഇതോടെ പാടശേഖര സമിതികളും കർഷകരും ട്രാക്ടർ ഉപയോഗിക്കാതെയായി. പിന്നീട് പുരയിടങ്ങൾ തെളിക്കുന്നതിനായി മൂന്ന് വർഷത്തോളം ഉപയോഗിച്ചിരുന്നു. എന്നാൽ 2018ലെ പ്രളയത്തിൽ ദിവസങ്ങളോളം മുങ്ങിയതോടെ ട്രാക്ടർ തീർത്തും ഉപയോഗശൂന്യമായി. ഇതോടെ ഡ്രൈവറെയും ഒഴിവാക്കി. പിന്നീടിങ്ങോട്ടുള്ള മൂന്ന് വർഷം കൊണ്ട് അറ്റകുറ്റപ്പണി ഒന്നുംതന്നെ ഇല്ലാതായതോടെ എൻജിൻ പൂർണമായും പ്രവർത്തരഹിതമായി.

വൻതുക വാടക നൽകണം
കൃഷിഭവന് സ്വന്തമായി ട്രാക്ടർ ഉണ്ടായിരുന്നിട്ടും വൻതുക വാടക നൽകേണ്ട സ്വകാര്യ ട്രാക്ടറുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. വി.ഹരിഗോവിന്ദ്,

കാർഷിക വികസന സമിതിയംഗം

പുതിയ ട്രാക്ടർ വേണം

കാർഷിക കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും നെൽകൃഷിയുടെ ഉന്നമനത്തിനുമായി പുതിയ ട്രാക്ടർ അനുവദിച്ച് നൽകാൻ കൃഷിവകുപ്പ് തയാറാകണം.

പി.ലതാകുമാരി,

കാർഷിക കർമ്മസേന സൂപ്പർവൈസർ