konni
കോന്നി മെഡിക്കൽ കോളേജി​ൽ ഇന്നലെ ഡോക്ടർ ഒപി​യി​ൽ എത്തി​യ രോഗിയെ പരിശോധിക്കുന്നു

കോന്നി : ഗവ. മെഡിക്കൽ കോളേജിൽ ഒ.പി പ്രവർത്തനം ആരംഭിച്ച ഇന്നലെ 88 രോഗികൾ ചികിത്സതേടി എത്തി. ജനറൽ ഒ.പിയ്ക്ക് പുറമെ ഓർത്തോയുടെ വിദഗ്ദ്ധ ഡോക്ടറും ഇന്നലെ ഒ.പിയിൽ ഉണ്ടായിരുന്നു. കോന്നിയ്ക്കും സമീപപ്രദേശങ്ങൾക്കും പുറമെ പത്തനംതിട്ട, അടൂർ, കൊടുമൺ, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നും ആളുകളെത്തി. ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും മെഡിക്കൽ കോളേജിലുണ്ടായിരുന്നു.
സാനി​റ്റൈസർ നല്കി അണുവിമുക്തമാക്കിയാണ് ആളുകളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഒ.പി ടിക്ക​റ്റ് എടുത്തവരുടെ പ്രഷറും ചൂടും പരിശോധിച്ചു. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം നല്കിയത്.

ഡോ.ഷേർളി തോമസ്, ഡോ.സോണി തോമസ് എന്നിവരാണ് ഒ.പിയിൽ രോഗികളെ നോക്കിയത്. ഓർത്തോവിഭാഗത്തിൽ പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ പരിശോധിച്ചു.

ജനറൽ ഒ.പിയ്ക്ക് പുറമെ ഏഴ് ഡിപ്പാർട്ട്‌മെന്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

തിങ്കളാഴ്ച ജനറൽ മെഡിസിനും ചൊവ്വാഴ്ച ജനറൽ സർജറിയും ബുധനാഴ്ച ശിശുരോഗ വിഭാഗവും വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും വെള്ളിയാഴ്ച ഇ.എൻ.ടിയും ശനിയാഴ്ച ഒഫ്ത്താൽ, ഡെന്റൽ ഒ.പിയും പ്രവർത്തിക്കും.

സന്ദർശകരുടെ തിരക്ക് തുടരുന്നു

മെഡിക്കൽ കോളേജ് കാണാനായി സന്ദർശകരുടെ തിരക്കേറുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ മെഡിക്കൽ കോളേജ് സന്ദർശിക്കാൻ സമീപ ജില്ലകളിൽ നിന്ന് ഉൾപ്പടെ നിരവധിയാളുകളാണ് എത്തുന്നത്. ശുചീകരണ ജോലികൾ നടക്കുന്നതിനാൽ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനത്തിന് നിയന്ത്റണമുണ്ട്. സ്ത്രീകളും, കുട്ടികളും ഉൾപ്പടെ കുടുംബമായാണ് പലരും എത്തുന്നത്. മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ ചിത്രവുമെടുത്താണ് എല്ലാവരും മടങ്ങുന്നത്.