road
ഒാമല്ലൂരിനടുത്ത് പേഴുംമൂട് ജംഗ്ഷനിൽ റോഡിന്റെ ഒരുവശം ഭാഗികമായി കോൺക്രീറ്റ് ചെയ്ത നിലയിൽ

ഓമല്ലൂർ : ഉന്നത നിലവാരത്തിൽ പണിത കുളനട-പത്തനംതിട്ട പാതയിൽ പേഴുംമൂട് ജംഗ്ഷനെ ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലേക്ക് ബന്ധിപ്പിക്കുന്ന റോഡിലെ ഓടയുടെ ഭാഗത്തെ കോൺക്രീറ്റ് പണി പൂർത്തിയായില്ല. പൊതുമരാമത്തിന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. നേരത്തേ റോഡിന് ഇരുവശവും ആഴത്തിൽ ഓടയുണ്ടായിരുന്നതാണ്.റോഡ് പുതുക്കിപ്പണിഞ്ഞ് ടാർ ചെയ്തപ്പോൾ ഓട ഇല്ലാതായി. വെള്ളം ഒഴുകാൻ പാകത്തിൽ ഇരുവശവും ചരിച്ച് കട്ട പാകുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ കട്ടയ്ക്ക് പകരം കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്.വെള്ളം റോഡിലൂടെയും ഒഴുകുന്നുണ്ട്. മാർത്തോമ്മ പള്ളിപ്പടി മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്യുന്നത്.എസ്റ്റിമേറ്റിൽ ഇരുവശവും കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്.പള്ളിക്ക് സമീപം ഇരു വശവും ഒന്നും ചെയ്തിട്ടില്ല. അവിടെ കാട് കയറിയതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് മാലിന്യം കൊണ്ടിടുന്നുണ്ട്. ദുർഗന്ധം മൂലം പരിസരവാസികളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.

പരാതി നൽകിയതായി ഗ്രാമ സംരക്ഷണ സമിതി

റോഡിന്റെ ഇരുവശവും പൂർണമായി കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എൻജിയിനീർക്ക് പരാതി നൽകിയതായി ഓമല്ലൂർ ഗ്രാമ സംരക്ഷണ സമിതി അറിയിച്ചു.പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജന.സെക്രട്ടറി മനു ആറ്റരികം. റോയി പൗവത്ത്,ശശി പുത്തൻ വീട്ടിൽ രഘുനാഥൻ നായർ, ജയകുമാർ പേഴുംമുട്ടിൽ എന്നിവർ സംസാരിച്ചു.

-പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ

-ഓട അടച്ച് ടാർ ചെയ്തു

- മഴവെള്ളം റോഡിലൂടെ ഒഴുകുന്നു