16-malinyam
തിരുവൻവണ്ടൂർ തയ്യിൽ പടിക്കു സമീപം മാടാം തോട്ടിൽ ഇറച്ചിമാലിന്യം ചാക്കിൽ കെട്ടിയ നിലയിൽ.

ചെങ്ങന്നൂർ: ഇറച്ചിമാലിന്യം തള്ളുന്നതായി പരാതി. തിരുവൻവണ്ടൂർ പഞ്ചായത്ത് 12 ാം വാർഡിൽ തൈയിൽ പടിക്കു സമീപം മാടാം തോട്ടിലും, കരയിലുമാണ് ഇറച്ചി മാലിന്യം തള്ളുന്നത്. കോഴിയുടെയും ,മാടിന്റെയും ഇറച്ചിയുടെ അവശിഷ്ടങ്ങളും, മാലിന്യങ്ങളുമാണ് ചാക്കിൽ കെട്ടി തോട്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. അടുക്കള മാലിന്യങ്ങളും ഇതൊടൊപ്പം തള്ളുന്നുണ്ട്. ചാക്കിനുളളിൽ അഴുകിയ മാലിന്യം പുഴു അരിച്ച നിലയിലാണ്. രാത്രിയുടെ മറവിൽ ദൂരെ സ്ഥലങ്ങളിനിന്നുമാണ് മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത്. ചില ദിവസങ്ങളിൽ അസമയത്ത് ഈ ഭാഗത്ത് വണ്ടികളുടെ ശബ്ദം കേൾക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.

പ്രദേശത്ത് അസഹനീയമായ ദുർഗന്ധം

മാലിന്യം ഇവിടെ കൊണ്ടിടുന്നതു കാരണം പ്രദേശമാകെ അസഹനീയമായ ദുർഗന്ധമാണ്. ഇതിനു പുറമെ മഴ ശക്തി പ്രാപിച്ചതോടെ ഈച്ചയും കൊതുകും വർദ്ധിച്ചിട്ടുണ്ട്.സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്. അടിയന്തരമായി മാലിന്യ നിക്ഷേപം തടയണമെന്നും പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.