തിരുവല്ല : കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ഉപദേശിക്കടവ് പാലം വരുന്നു. പമ്പാനദിയുടെ കുറുകെ ഉപദേശിക്കടവിൽ പണിയുന്ന പാലത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 12 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷനാകും. മാത്യു കോര ആൻഡ് കമ്പനിക്കാണ് നിർമ്മാണ കരാർ.
പരുമല പള്ളി, മാന്നാർ തൃക്കുരട്ടി ക്ഷേത്രം, പനയന്നാർ കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്കും പാലം പ്രയോജനപ്പെടും.പാലത്തിന്റെ സമീപ പാത ബിഎം ബിസി ഉന്നത നിലവാരത്തിൽ സംരക്ഷണ ഭിത്തി അടക്കം നിർമ്മിക്കും.
കായംകുളം -തിരുവല്ല സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കാർഡിയോ വാസ്‌കുലാർ സെന്റർ, ഇന്റർനാഷണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് മാന്നാർ ടൗണിൽ കടക്കാതെ എത്തിച്ചേരാൻ പാലം ഉപകരിക്കും. തിരുവല്ല നഗരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ കായംകുളം- തിരുവല്ല സംസ്ഥാനപാത ഒഴിവാക്കി ഉപദേശിക്കടവ് പാലത്തിലൂടെ പരുമലയിൽ എത്തിച്ചേരാം. അഞ്ചു കിലോമീറ്ററോളം ദൂരം ഇതിലൂടെ ലാഭിക്കാൻ കഴിയും. ഉപദേശിക്കടവ് പാലത്തിന്റെ നിർമ്മാണത്തോടുകൂടി മാന്നാർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് മാത്യു.ടി തോമസ് എംഎൽഎ അറിയിച്ചു.
-----------------
നീളം- 206.4 മീറ്റർ
വീതി - 11 മീറ്റർ (നടപ്പാതയും ഉൾപ്പടെ)