sreedharan-vydyar
ശ്രീധരൻ വൈദ്യർ

പത്തനംതിട്ട: ജില്ലയിലെ ആദ്യ നേത്രദാനത്തിന് ഇന്ന് 25 വയസ് പൂർത്തിയാകുന്നു. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പ്രചാരകനും ഗൃഹസ്ഥ ശിഷ്യനുമായിരുന്ന ചിറ്റാർ ശ്രീധരൻ വൈദ്യരുടെ കണ്ണുകളാണ് രണ്ടുപേർക്ക് ദാനം ചെയ്തത്. പ്രശസ്ത വിഷഹാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീധരൻ വൈദ്യർ 1995 സെപ്തംബർ 16നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മരിക്കുന്നതിന് ഒരു വർഷം മുൻപ് പത്തനംതിട്ട ഗവ.ആശുപത്രിയിൽ നേത്രദാന ബോധവൽക്കരണ ക്ളാസിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം സമ്മതപത്രം ഒപ്പിട്ട് നൽകിയത്. മരിക്കുമ്പോൾ 73വയസായിരുന്നു. അന്ന് ജില്ലാ ആശുപത്രിയായിരുന്ന ഇപ്പോഴത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം മെഡി. കോളേജിൽ നിന്നുള്ള സംഘമാണ് നേത്രപടലം എടുത്തത്.

അപകടത്തിൽ ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെട്ട കോട്ടയം മുട്ടുചിറ സ്വദേശിയായ വാസുവിനും ജന്മനാ കാഴ്ച ഇല്ലാതിരുന്ന ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയായ കൃഷ്ണൻകുട്ടിക്കുമാണ് കണ്ണുകൾ വച്ചുപിടിപ്പിച്ചത്.

പിതാവിന്റെ പാത പിൻതുടർന്ന് മക്കളായ ചിറ്റാർ മോഹനനും ശ്രീദേവി കുഞ്ഞമ്മയും നേത്രദാനത്തിന് സമ്മതപത്രം നൽകിയിട്ടുണ്ട്.

'സംസ്ഥാനത്ത് നേത്രദാനം അപൂർവ്വമായിരുന്ന കാലത്താണ് അച്ഛൻ നേത്രദാനത്തിന് സമ്മതപത്രം നൽകിയതെന്നും ബന്ധുക്കളിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്നെങ്കിലും അച്ഛന്റെ ആഗ്രഹം നടപ്പാക്കാൻ സഹോദരിയും താനും തീരുമാനമെടുക്കുകയായിരുന്നെന്നും ചിറ്റാർ മോഹനൻ പറഞ്ഞു.

പിതാവിന്റെ കണ്ണുകൾ ദാനം ചെയ്യാൻ അനുവാദം നൽകിയ ഇരുവർക്കും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ട്. സി.പി.ഐ ഒാമല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ് ചിറ്റാർ മോഹനൻ. എസ്.എൻ.ഡി.പി യോഗം ഒാമല്ലൂർ ശാഖാ പ്രസിഡന്റായിരുന്നു.


'