കൊടുമൺ : രണ്ടാംകുറ്റിക്ക് സമീപം പാടത്ത് ട്രാക്ടർ മറിഞ്ഞ് മരിച്ച ദിലീപ് പ്രസാദിന് (37) ഗ്രാമം കണ്ണീരോടെ വിട നൽകി. കൃഷിഭവൻ കർമ്മസേനാ കൺവീനറും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ ദിലീപ് നാടിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു. പഞ്ചായത്തിൽ എവിടെയെങ്കിലും കൃഷിയോഗ്യമായ തരിശുഭൂമി കിടക്കുന്നതറിഞ്ഞാൽ ദിലീപ് അവിടെയെത്തും സ്ഥലമൊരുക്കി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഉടമകളെ സമ്മതിപ്പിക്കും. കൃഷിഭവന്റെ നേതൃത്വത്തിൽ കർമ്മസേനയെക്കൊണ്ട് സ്ഥലമൊരുക്കിച്ച് കൃഷി ചെയ്യിക്കും. കൊടുമൺ രണ്ടാംകുറ്റി വളവിന് സമീപം തൂമ്പാമുഖം ഏലായിൽ തരിശായികിടക്കുന്ന നിലം കൃഷി ചെയ്യുന്നതിനായി പൂട്ടുമ്പോഴാണ് ട്രാക്ടർ മറിഞ്ഞ് ദിലീപ് ചെളിയിൽ പുതഞ്ഞുപോയത് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷപ്പെടുത്താനായില്ല. അടൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് ദിലീപിനെ ചെളിയിൽ നിന്ന് പുറത്തെടുത്തത്. ദിലീപിന്റെ ഭാര്യ വിദേശത്തായിരുന്നു. കോന്നി കെ.കെ.എൻ.എം. വൊവോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്രഥമാദ്ധ്യാപകനായി വിരമിച്ച ശേഷം കൊടുമണ്ണിൽ ദീപ്തി പ്രസ് നടത്തുന്ന എൻ.ആർ. പ്രസാദാണ് പിതാവ്. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമാണ്. മൃതദേഹം സംസ്‌കരിച്ചു.