കുറിയന്നൂർ – ചരൽകുന്നിന് അടിവാരത്തിലുള്ള പരുത്തിമുക്ക് മാലിമുക്ക് , പ്ലാന്തോട്ടത്തിൽപടി കുറവൻകുഴി റോഡുകളിൽ വഴിവിളക്കുകളായി. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 1,2 വാർഡുകളിൽ ഉൾപ്പെടുന്ന സ്ഥലമാണിവിടം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശാനുസരണം ആസൂത്രണ വികസനഫണ്ടിൽ നിന്നാണ് ജില്ലാപഞ്ചായത്ത് ഇതിനുള്ള തുക കെ.എസ്.ഇ.ബിക്ക് കൈമാറിയത്.

സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തടിയൂർ തോണിപ്പുഴ മെയിൻ റോഡിൽ പരുത്തിമുക്ക് മുതൽ ചരൽകുന്നിലേക്ക് തിരിയുന്ന മാലൂർമുക്ക് വരെ ത്രീ ഫെയ്‌സ് ലൈനാണ് വലിച്ചിട്ടുള്ളത്. പ്രസിദ്ധമായ ചരൽകുന്ന് ക്യാമ്പ് സെന്ററിലേക്കുള്ള വഴിയിൽ ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം തെരുവ് വിളക്കുകൾ സ്ഥാപിച്ചതിന് പിന്നാലെയാണിത്. തോട്ടുപ്പുഴശേരി ഗ്രാമപഞ്ചായത്തിനെ കോയിപ്രം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്ലാന്തോട്ടത്തിൽപടി കുറവൻകുഴി റോഡിൽ അഞ്ചിൽപരം കോൺക്രീറ്റ് തൂണുകൾ ഇട്ടാണ് വൈദ്യുതിലൈൻ നീട്ടിയത്. രണ്ടാം വാർഡിലെ പൂവേലിപ്പടി റോഡിലും കഴിഞ്ഞമാസം തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ സന്ധ്യയ്ക്കശേഷം പ്രദേശം മുഴുവനും വഴിവിളക്കിന്റെ ശോഭയിലാണ്.

തെരുവ് വിളക്കുകൾക്കാവശ്യമായ ബൾബുകൾ തോട്ടപ്പുഴശേരി് ഗ്രാമപഞ്ചായത്താണ് നൽകിയത്. മാലൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പുതിയ വഴിവിളക്കുകളുടെ പ്രകാശകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണൻ നായർ ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെറിൻ, അനീഷ് കുമാർ, പി.സി തോമസ് , ജോൺസൺ ജോസഫ്, റോയി കുഴിമണ്ണിൽ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.