റാന്നി- കർഷകർക്ക് താങ്ങായി റാന്നിയിൽ കൃഷി മൂല്യവർദ്ധിത സംരംഭം തുടങ്ങുന്നു.
റാന്നി ബ്ലോക്ക് പഞ്ചായത്ത്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ 70 ലക്ഷം രൂപ വിനിയോഗിച്ചാണു സംരംഭം നടത്തുന്നത്. കർഷകരുടെ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും ന്യായമായ വില ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി. കാർഷിക വിളകളുടെ വിളവെടുപ്പ് സമയത്ത് കർഷകരിൽ നിന്ന് വിളകൾ ശേഖരിക്കും. കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപ്പേരികൾ, വിവിധ പഴവർഗങ്ങളുടെ ജാമുകൾ, കറികൾക്ക് ഉപയോഗിക്കുന്ന വിവിധതരം പൊടികൾ എന്നിവ ഉൽപാദിപ്പിക്കും.
അതിനൂതന സങ്കേതിക വിദ്യയിലൂടെയാണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണിയിൽ എത്തിക്കുക. എണ്ണയുടെ ഉപയോഗം പൂർണമായി ഒഴിവാക്കിയാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. പ്രദേശിക കർഷകർക്കും യുവ കർഷകർക്കും ഏറെ പ്രയോജനകരമാകുന്നതാണ് സംരംഭം.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ചന്തയിലെ കെട്ടിടത്തിലാണ് സംരംഭം തുടങ്ങുന്നത് . കെട്ടിടത്തിന്റെ മുൻഭാഗം ടൈൽ പാകും. കെട്ടിടത്തിനുള്ളിൽ യന്ത്രങ്ങൾ സ്ഥാപിക്കും. കർഷകരിൽ നിന്ന് ശേഖരിക്കുന്ന വിളകൾ കഴുകി വൃത്തിയാക്കി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയൊരു ഉൽപന്നമാക്കിമാറ്റും. ഇവ ശേഖരിച്ചുവച്ചു പിന്നീടാണു വിപണിയിൽ എത്തിക്കുന്നത്.
പ്രാഥമിക പ്രവർത്തനങ്ങൾ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് ആനി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഉത്തമൻ, പഞ്ചായത്തംഗങ്ങളായ ഷൈനി രാജീവ്, പൊന്നി തോമസ്, അനു ടി. ശമുവേൽ, അനിത അനിൽകുമാർ, ലാലി ജോസഫ്, ബെറ്റ് സി.കെ ഉമ്മൻ, ബിനിറ്റ് മാത്യു, എൽ.സി മാത്യു, ബോബി എബ്രഹാം, ജില്ലാ പ്രിൻസിപ്പൽ കൃഷി ഡയറക്ടർ അനില മാത്യു, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോർജ് ബോബി, മാത്യു എബ്രഹാം, സി.ഐ മൈക്കിൾ, മഞ്ജുള മുരളീകൃഷ്ണൻ, ലാൽകുമാർ, അനീഷ്‌കുമാർ, ബെൻസി സഖറിയ എന്നിവർ പ്രസംഗിച്ചു.
------------
ലക്ഷ്യം - കാർഷിക വിളകൾക്ക് വിപണി കണ്ടെത്തുക, കർഷകർക്ക് ന്യായവില ഉറപ്പാക്കുക
സ്ഥലം - പഴവങ്ങാടി പഞ്ചായത്ത് ചന്ത
ചെലവ്- 70 ലക്ഷം രൂപ