തിരുവല്ല : ഇരവിപേരൂർ പഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇഹെൽത്ത് സംവിധാനം ആരംഭിച്ചു. പദ്ധതി നടപ്പാക്കിയ ജില്ലയിലെ രണ്ടാമത്തെ ആരോഗ്യ സ്ഥാപനമാണിത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതും ഇപ്പോൾ ഇ ഹെൽത്ത് നടപ്പാക്കുന്നതും. ചികിത്സാരംഗത്ത് ഗുണനിലവാരം ഉറപ്പാക്കിയതിന് എൻ.ക്യു.എ.എസ് എന്ന ദേശീയ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച ജില്ലയിലെ ഏകസ്ഥാപനവും 9001-2015 ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ സംസ്ഥാനത്തെ ഒരേയൊരു കുടുംബാരോഗ്യ കേന്ദ്രവുമാണ് ഈ സ്ഥാപനം.ഇ- ഹെൽത്ത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ ഓൺലൈനിൽ നിർവഹിച്ചു.ഏകീകൃത കാർഡിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നടത്തി.വൈസ് പ്രസിഡന്റ് എൻ.രാജീവ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു.ഡി.എം.ഒ ഡോ.ഷീജ, ഡി.പി.എം ഡോ.എബിൻ സുഷൻ, ഭരണസമിതി അംഗങ്ങളായ ജയപാൽ എ.ടി,വി.കെ.ഓമനക്കുട്ടൻ, പ്രജിത എൽ,ശോശാമ്മ വി.ടി,പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി എസ്,മെഡിക്കൽ ഓഫീസർ ഡോ.വിമിത മുരളി, ഡോ.ബെറ്റ്സി,പി.ആർ.ഒ സുമിത അഭിലാഷ്, നോഡൽ ഓഫീസർ മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.
--------------------
ചികിത്സാ സംവിധാനം ഡിജിറ്റൽ
ഇ - ഹെൽത്ത് പ്രാബല്യത്തിലായതോടെ ചികിത്സാ സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യും. സെർവറിൽ സൂക്ഷിയ്ക്കപ്പെടുന്ന ചികിത്സാരേഖകൾ ഇതര സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ തുടർചികിത്സയ്ക്കും സഹായകരമാകും.ഓരോ രോഗിയും ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ലഭിക്കുന്ന പ്രത്യേക ഏകീകൃത തിരിച്ചറിയൽ നമ്പരിലൂടെയാകും ഭാവിയിൽ ഏതൊരു സർക്കാർ സ്ഥാപനത്തിലും പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതും ചികിത്സ തേടുന്നതും.ഒരുതവണ ഈ ഏകീകൃത നമ്പർ കാർഡ് വാങ്ങിയവർ ആരോഗ്യകേന്ദ്രത്തിലെ സ്കാനിംഗിലൂടെ ടോക്കൺ വാങ്ങി പ്രാഥമിക പരിശോധന,മെഡിക്കൽ ഓഫീസർ പരിശോധന,ലാബ്/നഴ്സിംഗ് റൂം സേവനങ്ങൾ എന്നിവ പൂർത്തീകരിച്ച് ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി ഇറങ്ങുമ്പോൾ മാത്രമാണ് ഒരു പേപ്പർ പ്രിന്റ് കൈയിൽ ലഭിയ്ക്കുക.ഇതിലൂടെ സമയം ലാഭിക്കാനും മുൻഗണനാക്രമം ഉറപ്പാക്കാനും സാധിക്കും.
1.തുടർ ചികിത്സക്ക് സഹായം
2.പദ്ധതി നടപ്പാക്കിയ ജില്ലയിലെ രണ്ടാമത്തെ ആരോഗ്യ സ്ഥാപനം