തെരുവ് നായ ശല്യം കൂടുന്നു
പത്തനംതിട്ട: റോഡിൽ കൂസലില്ലാതെ കിടന്നുറങ്ങുന്നു, ബൈക്കുകൾ പാേകുമ്പോൾ കുരച്ചു ചാടിവീഴുന്നു. വാഹനങ്ങൾ മറിഞ്ഞ് പരിക്കേൽക്കുന്നവർ നിരവധി. ജില്ലയിൽ തെരുവ് നായ്കളുടെ ശല്യം വർദ്ധിച്ചുവരുകയാണ്. തെരുവ് നായ വന്ധ്യംകരണം നടക്കുന്തോറും നായകളെ പേടിച്ച് ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി. അടൂരിലും കൊടുമണ്ണിലും റാന്നിയിലും ഒരാഴ്ചക്കുള്ളിൽ നായ കുറുക്കു ചാടി ഏഴുപേർക്കാണ് പരിക്കേറ്റത്. മഴക്കാലത്ത് റോഡിലൂടെ നായ കുറുക്കു ചാടുമ്പോൾ പെട്ടന്ന് ബ്രേക്ക് ചവിട്ടുന്ന സമയത്താണ് ബൈക്കുകൾ തെന്നി മറയുന്നത്. രാത്രിയിൽ പലയിടത്തും വൈദ്യുതി വിളക്കുകൾ പ്രകാശിക്കാറില്ല. പകൽ സമയത്തിൽ റോഡ് കിടന്നുറങ്ങുന്ന തെരുവുനായകളെയും കാണാം. കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷം ഹോട്ടലുകളിൽ ആൾത്തിരക്കില്ലാത്തത് തെരുവ് നായകളുടെ ഭക്ഷണത്തെ ബാധിച്ചിട്ടുണ്ട്. വിശന്ന് അലഞ്ഞു നടക്കുന്ന നായകളാണ് റോഡിൽ വാഹനയാത്രക്കാർക്ക് തടസമുണ്ടാക്കുന്നത്.
വന്ധ്യംകരണം: സഹകരിക്കാതെ 17 പഞ്ചായത്തുകൾ
തെരുവ്‌നായ വന്ധ്യംകരണത്തിൽ ജില്ലയിലെ 17 പഞ്ചായത്തുകൾ സഹകരിക്കുന്നില്ല. ഫണ്ടില്ലെന്ന കാരണത്താലാണ് മാറിനിൽക്കുന്നത്. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2100രൂപയാണ് ചെലവ്. എത്ര നായകളെ പിടിച്ച് വന്ധ്യംകരിക്കണമോ അത്രയും എണ്ണത്തിനുള്ള തുക മുൻകൂറായി കുടുംബശ്രീ ജില്ലാ മിഷനിൽ അടക്കണം. 38 പഞ്ചായത്തുകളും നാല് നഗരസഭകളും തെരുവ് നായ വന്ധ്യംകരണത്തിന് പണം അടയ്ക്കുന്നുണ്ട്.
6990 നായകളെ വന്ധ്യംകരിച്ചു
ജില്ലയിൽ ഇന്നലെ വരെ 6990 തെരുവ് നായകളെ വന്ധ്യംകരിച്ചതായി കുടുംബശ്രീയുടെ ആനിബൽ ബർത്ത് കൺട്രോൾ (എ.ബി.സി) വിഭാഗം കോർഡിനേറ്റർ വി.സജിന പറഞ്ഞു. പണം അടച്ചിട്ടുള്ള പഞ്ചായത്തുകളിലെയും നഗരസഭകളിലെയും തെരുവ്‌നായകളെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിക്കുന്നുണ്ട്. മാസത്തിൽ അഞ്ച് ദിവസമാണ് സർജറി. ഒരുദിവസം 40 സർജറികൾ നടക്കും. പുളിക്കീഴ് ബ്‌ളോക്കിലെ കടപ്രയിലാണ് വന്ധ്യംകരണ കേന്ദ്രം. കൊടുമണ്ണിലെ കേന്ദ്രം ജനവാസകേന്ദ്രത്തിലായതിനാൽ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു.
----
-വന്ധ്യംകരണം തുടങ്ങിയത് 2017 ജൂലൈയ് 26ന്
-ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2100രൂപ ചെലവ്
- ഒരു ദിവസം 40 സർജറികൾ
-അടൂരിലും കൊടുമണ്ണിലും റാന്നിയിലും ഒരാഴ്ചക്കുള്ളിൽ 7 പേർക്ക് പരിക്ക്