കോഴഞ്ചേരി: വീട് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപിച്ച ശേഷം രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോയിപ്രം കാഞ്ഞിരത്തറ കിഴക്ക് തോമസ് ഡാനിയലിന്റെ മകൻ സാബു ഡാനിയൽ (45) ആണ് മരിച്ചത്. അയൽപക്കത്തെ വീട് അടിച്ചു തകർത്ത കേസിൽ ചൊവ്വാഴ്ച രാത്രി അന്വേഷിച്ചെത്തിയ കോയിപ്രം പൊലീസിനെ ഇയാൾ കല്ലെറിഞ്ഞിരുന്നു. എസ്.ഐ ഹുമയൂൺ, എസ്.എച്ച്.ഒ വി.ജോഷ്വ ,എ.എസ്..ഐ മോഹൻ എന്നിവർക്ക് പരിക്കേറ്റു. മറ്റ് പൊലീസുകാർ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സാബു രക്ഷപ്പെട്ടു. അറസ്റ്റു ചെയ്യാനായി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചുനിൽക്കുന്നത് കണ്ടത്. ലഹരിക്ക് അടിമയായ ഇയാൾ അയൽവാസികളുമായി മിക്കപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി മുപ്പതി ലധികം കേസുകളിൽ പ്രതിയാണ്.
അവിവാഹിതനായ സാബു ഒറ്റക്കാണ് താമസിച്ചിരുന്നത്.