ചെങ്ങന്നൂർ: പകർച്ചവ്യാധി ഭീഷണിയുമായി ശാസ്താംപുറം മാർക്കറ്റ്. കൊവിഡ് രോഗ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ കുന്നുകൂടി ചീഞ്ഞഴുകി പകർച്ചവ്യാധികൾ പകരാനുള്ള സാഹചര്യത്തിലാണ് നഗരസഭയുടെ മാർക്കറ്റ്. ദിവസങ്ങളായി നീക്കം ചെയ്യാത്ത മാലിന്യങ്ങളുടെ നടുവിൽ മത്സ്യ മാംസങ്ങളും പച്ചക്കറിയും വിൽക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. പച്ചക്കറികളുടേയും മറ്റ് അഴുകിയ അവശിഷ്ടങ്ങൾ ദുർഗന്ധം പരത്തുന്നു. മഴ പെയ്തതോടെ മലിനജലം ഒലിച്ചിറങ്ങി മാർക്കറ്റിനുള്ളിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കൊവിഡ് രോഗ ഭീതി നടുവിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മറ്റ്സാംക്രമിക രോഗങ്ങളെയും ഭയക്കേണ്ട സ്ഥിതിയാണുള്ളത്.
മാർക്കറ്റിന് ചുറ്റുമുള്ളവർ രോഗ ഭീഷണിയിൽ
മാർക്കറ്റിനു ചുറ്റും താമസിക്കുന്നവരും രോഗ ഭീഷണിയിലാണ്.നഗരസഭയുടെ അനാസ്ഥ മൂലം മാർക്കറ്റിനുള്ളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം നഗരസഭ നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സൂചന സമരം നടത്തി.
സമരം ചെയ്യും
മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ വ്യാപാരികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് സ്തംഭിപ്പിക്കുമെന്ന് സമിതി ഏരിയ പ്രസിഡന്റ് കെ.പി മുരുകേശൻ,സെക്രട്ടറി സതീഷ് കുമാർ ജോയിന്റ് സെക്രട്ടറി സജി പാറപ്പുറം എന്നിവർ പറഞ്ഞു.
-അഴുകിയ അവശിഷ്ടങ്ങൾ ദുർഗന്ധം പരത്തുന്നു
-നീക്കം ചെയ്യാത്ത മാലിന്യങ്ങളുടെ നടുവിൽ വ്യാപാരികളുടെ കച്ചവടം