അടൂർ : അധികാരികൾ നിസംഗമനോഭാവം പുലർത്തി ജീവനക്കാരെ നിർബന്ധിത ഡ്യൂട്ടിയ്ക്ക് വിധേയമാക്കുമ്പോൾ അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഡിപ്പോയിലെ ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നാല് ജീവനക്കാർക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ കൊവിഡ് പോസിറ്റീവായത്. ആദ്യം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളിലൂടെ ബുധനാഴ്ച ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർക്കും കൊവിഡ് പടർന്നു. ഇവിടെ 35 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ ചീഫ് ഒാഫീസിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെ പേരിൽ പനിയും ചുമയും ഉള്ള വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിർബന്ധപൂർവ്വം ഇന്നലെ ഡ്യൂട്ടിക്ക് അയയ്ക്കുകയും ചെയ്തു. ഇതുവഴി നിരവധി യാത്രക്കാർക്കും സമ്പർക്ക വ്യാപനമുണ്ടാകാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ജീവനക്കാരിൽ പലരും ഭയത്തോടെയാണ് ഡ്യൂട്ടിക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഡിപ്പോയിലെ ഒരു പ്രധാന ഉദ്യോഗസ്ഥന് പരിശോധനയിൽ കൊവിഡ് നെഗറ്റീവ് എന്നു കണ്ടതിനാൽ ജീവനക്കാർക്കിടയിൽ ആശങ്കവേണ്ടെന്നും എല്ലാ ജീവനക്കാരും രാവിലെ 5 മണിക്ക് എത്തണമെന്നും കാട്ടി വാട്സ് ആപ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിനെതിരെ ജീവനക്കാരിൽ ഒരു വിഭാഗം പരസ്യ പ്രതികരണത്തിന് തയ്യാറായി. പ്രധാന ഉദ്യോഗസ്ഥന് കൊവിഡ് ഇല്ലാത്തതിനാൽ രാവിലെ 5 മണിക്കുതന്നെ വന്ന് സമൂഹ വ്യാപനം കൂട്ടണമെന്ന് അപഹസിച്ചുകെണ്ടാണ് മറുപടി പോസ്റ്റ് ഇട്ടത്. ഇന്നു മുതൽ ഡിപ്പോയിലെ 2 ജീവനക്കാർക്ക് വീതം അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.